
ഡല്‍ഹി : ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി റഷ്യയില്‍ നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐഎന്‍എസ് തമാല്‍ കമ്മീഷന്‍ ചെയ്തു. റഷ്യയിലെ കലിനിന്‍ഗ്രാഡില്‍ വെച്ചാണ് യുദ്ധക്കപ്പല്‍ നാവികസേനയുടെ ഭാഗമായത്. ഇന്ത്യ വിദേശത്ത് നിര്‍മിച്ച അവസാനത്തെ യുദ്ധക്കപ്പലാകും ഐഎന്‍സ് തമാല്‍ എന്നാണ് വിലയിരുത്തല്‍.ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ പെടുത്തി ഇനി നാവികസേനയ്ക്കുള്ള യുദ്ധക്കപ്പലുകള്‍ എല്ലാം രാജ്യത്ത് തന്നെ നിര്‍മിക്കും.
ഇന്ത്യയും റഷ്യയും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രതിരോധ സഹകരണത്തിന്റെ മറ്റൊരു മികച്ച ഉദാഹരണമാണ് ഐഎൻഎസ് തമാൽ.ഐഎൻഎസ് തമാലിന്റെ വിന്യസനം ഇന്ത്യൻ നാവികസേനയുടെ ശക്തി വളരെയധികം വർദ്ധിപ്പിക്കും.നാവികസേനയ്ക്ക് വേണ്ടി നിര്‍മിച്ച രണ്ടാമത്തെ തുഷില്‍ ക്ലാസ് സ്റ്റൈല്‍ത്ത് യുദ്ധക്കപ്പലാണ് തമാല്‍. റഷ്യന്‍ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകളെ അടിസ്ഥാനമാക്കിയാണ് തമാൽ നിർമ്മിച്ചിരിക്കുന്നത്. അതികടുത്ത ശൈത്യത്തിലുള്‍പ്പെടെ നിരവധി വ്യത്യസ്തങ്ങളായ കാലാവസ്ഥയില്‍ കടല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞാണ് തമാലിനെ നാവികസേനയിലേക്ക് കമ്മീഷന്‍ ചെയ്തത്.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത പരിശ്രമത്തിലൂടെ നിർമ്മിച്ച ഈ യുദ്ധക്കപ്പലിൽ 33 ശതമാനം തദ്ദേശീയ ഉപകരണങ്ങളുണ്ട്.39000 ടണ്‍ കേവുഭാരമുള്ള കപ്പലിന് 125 മീറ്ററാണ് നീളം.കടലിലും കരയിലുമുള്ള ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ കഴിവുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഭാരമേറിയ ടോര്‍പ്പീഡോകളും വഹിക്കാനുള്ള ഐഎൻഎസ് തമാലിന് ശേഷിയുണ്ട്.
ഹെലികോപ്റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കഴിയുന്ന തരത്തിലുള്ള ഡോക്കാണ് തമാലിനുള്ളത്. ഇത് സമുദ്രമേഖലയില്‍ നിരീക്ഷണത്തിനും പെട്ടെന്നുള്ള പ്രത്യാക്രമണത്തിനും സേനയെ സഹായിക്കും. റഡാർ കണ്ടെത്തലിൽ നിന്ന് രക്ഷപ്പെടാൻ രൂപകൽപ്പന ചെയ്ത ഒരു സ്റ്റെൽത്ത് മൾട്ടിറോൾ യുദ്ധക്കപ്പലാണ് ഐഎൻഎസ് തമാൽ.
30 നോട്ടിക്കല്‍ മൈല്‍ (മണിക്കൂറില്‍ 50 കിലോമീറ്റര്‍ ) ആണ് കപ്പലിന്റെ വേഗം.അറബിക്കടലിലും പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തിന് സമീപവും ഇന്ത്യയുടെ സമുദ്ര സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്ന പശ്ചിമ നാവിക കമാൻഡിലാണ് ഐഎൻഎസ് തമാൽ വിന്യസിക്കുക.യുദ്ധക്കപ്പലുകള്‍ക്ക് വേണ്ടി 2016ലാണ് ഇവരുമായി കരാര്‍ ഒപ്പിട്ടത്. കപ്പലുകള്‍ക്ക് വേണ്ടി 21,000 കോടിരൂപയാണ് രാജ്യം ചെലവഴിച്ചത്.
പുരാണങ്ങളിലെ ദേവരാജ് ഇന്ദ്രന്റെ ശക്തമായ വാളായ ‘തമാൽ’ എന്നതിൽ നിന്നാണ് ഐഎൻഎസ് തമലിന്റെ പേര് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. രാമായണത്തിലെ മഹാനായ യോദ്ധാവ് ജാംബവാനും റഷ്യൻ തവിട്ട് കരടിയും ചേർന്നതാണ് ഈ യുദ്ധക്കപ്പലിന്റെ ലോഗോ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക, പ്രതിരോധ സഹകരണത്തെ ഈ ചിഹ്നം പ്രതിഫലിപ്പിക്കുന്നു.