ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിവെള്ളത്തിൽ കലർന്നുണ്ടായ ദുരന്തത്തിന് പിന്നിൽ അതീവ അപകടകാരികളായ ബാക്ടീരിയകളാണെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. കുടിവെള്ള സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഇ. കോളി, സാൽമൊണല്ല, വിബ്രിയോ കോളറ എന്നീ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി.(Indore polluted water disaster, Deadly bacteria presence in drinking water confirmed)
ഭഗിരഥ്പുരയിലെ പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപത്തെ കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പ്‌ലൈനിലേക്ക് കലർന്നതാണ് ദുരന്തത്തിന് കാരണമായത്. കണ്ടെത്തിയ ബാക്ടീരിയകൾ കുഞ്ഞുങ്ങൾക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും പെട്ടെന്ന് മരണം സംഭവിക്കാൻ കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
നിലവിൽ 210 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 32 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. അതേസമയം, സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രോഗബാധ റിപ്പോർട്ട് ചെയ്തിട്ടും ആവശ്യമായ പരിശോധനകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാൻ അധികൃതർ വൈകിയെന്ന് പ്രതിപക്ഷം ആരോപിച്ചു.