പ്രതിസന്ധി രൂക്ഷം: ഇൻഡിഗോ സർവീസുകൾ സാധാരണ നിലയിലാകാൻ ഫെബ്രുവരി 10 വരെ കാത്തിരിക്കേണ്ടി വരും | IndiGo

20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
IndiGo services will have to wait until February 10 to return to normal
Updated on

തിരുവനന്തപുരം: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ പ്രതിസന്ധി ഉടൻ പരിഹരിക്കാൻ കഴിയില്ലെന്ന് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ നിസ്സഹായത പ്രകടിപ്പിച്ചു. വിമാന സർവ്വീസുകൾ പൂർണ്ണമായും സാധാരണ നിലയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതുവരെ വിമാന സർവ്വീസുകൾ വെട്ടിക്കുറയ്ക്കുന്നത് തുടരും.(IndiGo services will have to wait until February 10 to return to normal)

വാക്കുപാലിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പ്രതികരിച്ചു. ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ സമയം ആവശ്യമാണ്. തൽക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇൻഡിഗോ അറിയിച്ചു.

തുടർച്ചയായ മൂന്നാം ദിവസമാണ് ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെടുന്നത്. ഇതുവരെ അഞ്ഞൂറിലധികം സർവ്വീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച മാത്രം 550ലേറെ സർവ്വീസുകൾ റദ്ദാക്കി. ഇൻഡിഗോയുടെ 20 വർഷത്തെ ചരിത്രത്തിൽ ഇത്രയധികം സർവ്വീസുകൾ ഒരുമിച്ച് റദ്ദാക്കുന്നത് ഇതാദ്യമാണ്. പൈലറ്റുമാരില്ലാത്തതും സാങ്കേതിക പ്രശ്നങ്ങളും അടക്കം നിരവധി ഘടകങ്ങൾ പ്രതിസന്ധിക്ക് കാരണമാണെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം.

വെള്ളിയാഴ്ചയും വിമാന സർവ്വീസുകൾ റദ്ദാക്കുന്നത് തുടരേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു. അടുത്ത രണ്ടോ മൂന്നോ ദിവസം കൂടുതൽ വിമാനങ്ങൾ റദ്ദാക്കേണ്ടിവരുമെന്നും ഇൻഡിഗോ വ്യക്തമാക്കി. ഇൻഡിഗോ പ്രതിദിനം ഏകദേശം 2300 വിമാനങ്ങളാണ് നിലവിൽ പറത്തുന്നത്.

കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശങ്ങൾ പ്രകാരം പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം നൽകേണ്ടതുണ്ട്. പുതിയ മാനദണ്ഡങ്ങൾക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായ ആസൂത്രണം നടത്തുന്നതിലും വീഴ്ച വന്നതായി ഇൻഡിഗോ സമ്മതിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഫ്ളൈറ്റ് ഡ്യൂട്ടി സമയപരിധിയിൽ (FDTL) താൽക്കാലിക ഇളവ് അടക്കമുള്ള ശുപാർശകൾ നൽകാൻ കേന്ദ്ര സർക്കാർ ഇൻഡിഗോയ്ക്ക് നിർദേശം നൽകി. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രതിസന്ധിയെക്കുറിച്ച് ചർച്ചകൾ നടത്തി.

പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതും സമയനിഷ്ഠ പുനഃസ്ഥാപിക്കുന്നതും എളുപ്പമുള്ള കാര്യമല്ലെന്ന് ഇൻഡിഗോ സിഇഒ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ നിന്നെല്ലാം ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com