ഡൽഹി : കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് ഒടുവിൽ യാത്രക്കാർക്ക് റീഫണ്ട് നൽകി ഇൻഡിഗോ. ഞായറാഴ്ച രാത്രി എട്ടിനു മുന്‍പ് റീഫണ്ട് തുക നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം നൽകിയിരുന്നു. വിമാനങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും 610 കോടി രൂപയുടെ റീഫണ്ട് പ്രോസസ് ചെയ്തതായും 3,000 ലഗേജുകൾ ദുരിതബാധിത യാത്രക്കാർക്ക് തിരികെ നൽകിയതായും സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ വിമാനസര്‍വീസുകളില്‍ ഭൂരിഭാഗവും പുനഃസ്ഥാപിച്ചതായും ഞായറാഴ്ച 1650-ലേറെ വിമാനസര്‍വീസുകള്‍ നടത്തുമെന്നും ഇന്‍ഡിഗോ അറിയിച്ചു. കഴിഞ്ഞദിവസം 1500-ലേറെ സര്‍വീസുകള്‍ നടത്തി. ഡിസംബര്‍ പത്താം തീയതിയോടെ പൂര്‍ണമായും സര്‍വീസുകള്‍ സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 30 ശതമാനം സർവീസുകൾ മാത്രമാണ് സമയക്രമം പാലിച്ചതെങ്കിൽ ഇന്ന് അത് 75 ശതമാനമായി ഉയർന്നു. ഡിസംബർ 15 വരെ റദ്ദാക്കുന്ന എല്ലാ സർവിസുകൾക്കും മുഴുവൻ റീഫണ്ട് നൽകുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. സർവിസുകൾ പൂർവസ്ഥിതിയിലാക്കാൻ പരിശ്രമിക്കുകയാണെന്നും സഹകരിക്കണമെന്നും ഇൻഡിഗോ അഭ്യർഥിച്ചു.