ലക്നൗ: ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് പറന്ന ഇൻഡിഗോയുടെ 6E 6650 വിമാനമാണ് ബോംബ് ഭീഷണിയെത്തുടർന്ന് ലക്നൗവിൽ വഴിതിരിച്ചുവിട്ടത്. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ലഭിച്ച ടിഷ്യൂ പേപ്പറിൽ ബോംബ് ഉണ്ടെന്ന സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടിയത്.
ജീവനക്കാരുൾപ്പെടെ 238 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.വിമാനം ലക്നൗവിൽ ഇറക്കിയ ഉടൻ തന്നെ സി.ഐ.എസ്.എഫ് (CISF), ബോംബ് സ്ക്വാഡ് എന്നിവർ ചേർന്ന് സമഗ്രമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചതെന്നും ഇൻഡിഗോ വാർത്താക്കുറിപ്പിൽ അറിയിച്ചു.അടുത്ത കാലത്തായി ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ വർദ്ധിച്ചുവരുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സംഭവത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണം ലക്നൗ പോലീസ് ആരംഭിച്ചിട്ടുണ്ട്.