ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും; ആയിരത്തിലധികം സർവീസുകൾ മുടങ്ങി; വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു | IndiGo flight crisis
ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രക്കാർക്ക് ദുരിതമായി ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ മുടങ്ങാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളിലെ (FDTL) പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് ഒരു പ്രധാന കാരണം.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം ആയിരത്തിലധികം സർവീസുകളാണ് റദ്ദാക്കിയത് എന്ന് ഇൻഡിഗോ സി.ഇ.ഒ. വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയ ചുരുക്കം വിമാനങ്ങൾ പോലും 11 മണിക്കൂർ വരെ വൈകിയാണ് യാത്ര തിരിച്ചത്.കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ സർവീസുകളും വൈകുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്‌കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു.
അതേസമയം , ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു.വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളിൽ ഭാഗികമായ ഇളവ് നൽകി പ്രതിസന്ധി പരിഹരിക്കാൻ മന്ത്രാലയം ശ്രമം തുടങ്ങിയിട്ടുണ്ട്.വിഷയത്തിൽ ഈ മാസം 15-ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടും.
യാത്രക്കാർക്കുള്ള നിർദ്ദേശം
മാറിയ സമയക്രമം കണക്കിലെടുത്ത് യാത്രക്കാർ മുൻകരുതലുകൾ എടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദ്ദേശം നൽകി. യാത്രക്കാർക്ക് www.cial.aero എന്ന ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ തങ്ങളുടെ സർവീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പുവരുത്താവുന്നതാണ്.
