

ന്യൂഡൽഹി: സർവീസ് റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് 10,000 രൂപയുടെ സൗജന്യ യാത്രാ വൗച്ചർ നൽകുമെന്ന് രാജ്യത്തെ പ്രമുഖ എയർലൈനായ ഇൻഡിഗോ പ്രഖ്യാപിച്ചു. ഡിസംബർ 3, 4, 5 തീയതികളിൽ യാത്രാ തടസ്സമുണ്ടായവർക്കായിരിക്കും ഈ വൗച്ചറുകൾ അനുവദിക്കുക.(IndiGo flight cancellation incident, Free travel voucher worth Rs 10,000 for stranded passengers)
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ സർവീസ് റദ്ദാക്കിയാൽ സർക്കാർ മാനദണ്ഡപ്രകാരം നൽകുന്ന നഷ്ടപരിഹാരത്തിന് പുറമെയാണ് ഈ 10,000 രൂപയുടെ വൗച്ചർ നൽകുന്നത്. സർക്കാർ മാനദണ്ഡപ്രകാരം, വിമാനം റദ്ദാക്കിയ സമയം അനുസരിച്ച് 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് നിലവിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുക.
അധികമായി ലഭിക്കുന്ന 10,000 രൂപയുടെ ഈ വൗച്ചറുകൾക്ക് ഒരു വർഷത്തെ കാലാവധിയുണ്ടാകും. ഈ സമയപരിധിക്കുള്ളിൽ ഇൻഡിഗോ വഴിയുള്ള യാത്രകൾക്ക് ഇത് ഉപയോഗിക്കാം. തടസ്സമുണ്ടായ യാത്രകളുടെ ടിക്കറ്റ് നിരക്കുകൾ തിരികെ നൽകാൻ നടപടിയെടുത്തതായും ഇൻഡിഗോ അറിയിച്ചു. ട്രാവൽ പ്ലാറ്റ്‌ഫോം വഴിയാണ് ബുക്കിങ് നടത്തിയതെങ്കിലും ഉടൻ തന്നെ പണം ലഭിക്കുമെന്നും എയർലൈൻ വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം 220 വിമാനങ്ങളാണ് റദ്ദാക്കിയത്. ഡിസംബർ രണ്ടിന് ആരംഭിച്ച ഈ സർവീസ് തടസ്സം പത്ത് ദിവസത്തോളം നീണ്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ, ഡി.ജി.സി.എ. (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ഇൻഡിഗോ സി.ഇ.ഒ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു. സർവീസ് പുനഃസ്ഥാപിക്കൽ, പണം തിരികെ നൽകൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ഡി.ജി.സി.എ. ആവശ്യപ്പെട്ടിട്ടുണ്ട്.