

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്നതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ എയർലൈൻ അധികൃതർ നൽകിയ വിശദീകരണത്തിൽ പാർലമെന്ററി സമിതി അതൃപ്തി രേഖപ്പെടുത്തി. സാങ്കേതിക തകരാറുകളും പ്രതികൂല കാലാവസ്ഥയുമാണ് സർവീസുകൾ മുടങ്ങാൻ കാരണമെന്നാണ് ഇൻഡിഗോയുടെ വാദം. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട സമിതി, ഇൻഡിഗോ സി.ഇ.ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ വീണ്ടും വിളിച്ചുവരുത്തിയേക്കും.(Indigo crisis, Parliamentary committee is dissatisfied with the explanation)
അതേസമയം, വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം ദുരിതത്തിലായ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ നാലിരട്ടി തുക നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി സുപ്രീംകോടതി തള്ളി. സമാനമായ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്രകുമാർ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡെല എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
പുതിയ ഹർജികൾ ഫയൽ ചെയ്യുന്നതിന് പകരം നിലവിലുള്ള കേസിൽ കക്ഷിചേരാൻ കോടതി ഹർജിക്കാരോട് നിർദ്ദേശിച്ചു. ഒരേ വിഷയത്തിൽ നിരവധി ഹർജികൾ നൽകുന്നതിലെ പ്രസക്തിയെയും കോടതി ചോദ്യം ചെയ്തു.