ന്യൂഡൽഹി: രാജ്യത്തുടനീളം വിമാന സർവീസുകൾ താളം തെറ്റിയതിനെത്തുടർന്ന്, ഡിസംബർ 5-നും 15-നും ഇടയിൽ റദ്ദാക്കിയ എല്ലാ വിമാനങ്ങൾക്കും മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. കൂടാതെ, യാത്രാദുരിതം ലഘൂകരിക്കുന്നതിനായി യാത്രക്കാർക്ക് ഹോട്ടൽ സൗകര്യങ്ങളും വിമാനത്താവളങ്ങളിൽ ഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്.(IndiGo crisis, Full refund for cancelled tickets)
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഇൻഡിഗോ അഗാധമായ ഖേദം പ്രകടിപ്പിച്ചു. ഡിസംബർ 5 മുതൽ 15 വരെയുള്ള റദ്ദാക്കിയ ടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരികെ നൽകും. ടിക്കറ്റ് എടുത്തപ്പോൾ ഉപയോഗിച്ച പേയ്‌മെൻ്റ് രീതിയിലേക്ക് തുക ഓട്ടോമാറ്റിക്കായി പ്രോസസ് ചെയ്യും. ഈ കാലയളവിലെ ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ പുനഃക്രമീകരിക്കുന്നതിനോ ഉള്ള മുഴുവൻ ഫീസും എയർലൈൻ ഒഴിവാക്കി.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ആയിരക്കണക്കിന് ഹോട്ടൽ മുറികളും ഉപരിതല ഗതാഗത സൗകര്യങ്ങളും വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്. സാധ്യമായ എല്ലായിടത്തും മുതിർന്ന പൗരന്മാർക്ക് ലോഞ്ച് സൗകര്യവും നൽകുന്നുണ്ട്.
ഇന്ന് മാത്രം 750-ൽ അധികം വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. പ്രതിസന്ധി ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. വ്യാഴാഴ്ച 550-ഉം ബുധനാഴ്ച 85-ഉം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ സർവീസുകൾ മുടങ്ങിയത്. തലസ്ഥാനത്ത് മാത്രം എയർലൈൻ 235 വിമാനങ്ങളാണ് റദ്ദാക്കിയത്.
പ്രതിദിനം 2,300 ഓളം സർവീസുകൾ നടത്തുന്ന ഇൻഡിഗോ, തങ്ങളുടെ 400-ൽ അധികം വിമാനങ്ങളുടെ സർവീസുകളിൽ തടസം വന്നതിന് കാരണം പൈലറ്റുമാരുടെ കുറവും ശൈത്യകാല ഷെഡ്യൂൾ സമ്മർദ്ദവും ചേർന്നതാണെന്ന് വിശദീകരിച്ചു.ഈ പ്രവർത്തന തകരാറിനെത്തുടർന്ന് എയർലൈൻ്റെ കൃത്യനിഷ്ഠയുടെ പ്രധാന അളവുകോലായ ഓൺ-ടൈം പെർഫോമൻസ് (OTP) കുത്തനെ ഇടിഞ്ഞു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, ഇൻഡിഗോയുടെ OTP ചൊവ്വാഴ്ച 35 ശതമാനത്തിൽ നിന്ന് ബുധനാഴ്ച 19.7 ശതമാനമായും വ്യാഴാഴ്ച വെറും 8.5 ശതമാനമായും കുറഞ്ഞു. കൃത്യനിഷ്ഠയുടെ കാര്യത്തിൽ ശ്രദ്ധേയമായിരുന്ന ഒരു എയർലൈനിന് ഇത് വലിയ തിരിച്ചടിയാണ്. ഡിസംബർ 8 വരെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കുമെന്നും അതിനുശേഷം സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും എയർലൈൻ വ്യോമയാന റെഗുലേറ്ററായ ഡി.ജി.സി.എ.യെ അറിയിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് ആശ്വാസമായി ഡി.ജി.സി.എ ഇളവ് പ്രഖ്യാപിച്ചു. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധനയാണ് ഡി.ജി.സി.എ. താൽക്കാലികമായി പിൻവലിച്ചത്. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡി.ജി.സി.എ. പിൻവലിച്ചിരിക്കുന്നത്.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ 600-ലധികം സർവീസുകളാണ് ഇന്ന് മുടങ്ങിയത്. ഇതേത്തുടർന്ന് ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഡൽഹിയിൽ മാത്രം 225-ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെമ്പാടും അറുന്നൂറോളം വിമാനങ്ങൾ വെള്ളിയാഴ്ച റദ്ദാക്കി.
ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി അവസരമാക്കി മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകളിൽ വൻ വർധന വരുത്തി. ഇരട്ടിയിലധികം തുക നൽകിയാൽ മാത്രമേ ഇപ്പോൾ ടിക്കറ്റ് ലഭിക്കു എന്ന സ്ഥിതിയാണ്. നാളെയും ഞായറാഴ്ചയുമുള്ള ടിക്കറ്റ് നിരക്കിലാണ് പ്രധാനമായും വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാളത്തെ ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില 65,000 രൂപയ്ക്ക് മുകളിലാണ്. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്താണ് എത്തിയിരിക്കുന്നത്. മുംബൈ, പൂനെ, ബെംഗളൂരു സർവീസുകളുടെ ടിക്കറ്റ് നിരക്കുകളിലും വൻ വർധനവുണ്ടായിട്ടുണ്ട്.