ഇൻഡിഗോ പ്രതിസന്ധി: 4 ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ DGCA നീക്കം ചെയ്തു | IndiGo

കമ്പനി സി ഇ ഒയെ വീണ്ടും വിളിപ്പിച്ചു
IndiGo crisis, DGCA removes 4 flight information officers
Updated on

ന്യൂഡൽഹി : രാജ്യവ്യാപകമായി ഇൻഡിഗോ എയർലൈൻസിന്റെ സർവീസുകൾ താറുമാറായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നടപടി തുടങ്ങി. എയർലൈൻസിന്റെ സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെയാണ് ഡിജിസിഎ നീക്കം ചെയ്തത്.(IndiGo crisis, DGCA removes 4 flight information officers)

അതേസമയം, ഇൻഡിഗോ പ്രതിസന്ധിയിൽ വിശദീകരണം നൽകുന്നതിനായി കമ്പനി സിഇഒ പീറ്റർ എൽബേഴ്സിനെ ഡിജിസിഎ വീണ്ടും വിളിപ്പിച്ചു. നാലംഗ സമിതിക്ക് മുന്നിൽ അദ്ദേഹം ഹാജരാകണമെന്നാണ് നിർദേശം. രാജ്യവ്യാപക സർവീസ് പ്രതിസന്ധിയെ സംബന്ധിച്ച വിശദീകരണം തേടുന്നതിനായാണ് നടപടി. ഇന്നലെയും ഇൻഡിഗോ സിഇഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഡിജിസിഎയ്ക്ക് മുമ്പാകെ ഹാജരായിരുന്നു.

സർവീസ് പ്രതിസന്ധി മനഃപൂർവം ഇൻഡിഗോ സൃഷ്ടിച്ചതാണെന്ന സംശയങ്ങൾക്കിടെ, വിമാന സർവീസുകൾ വെട്ടിച്ചുരുക്കി മറ്റ് കമ്പനികൾക്ക് കൈമാറുന്നത് ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര വ്യോമയാന മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. ഉയർന്ന വിമാന യാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇന്ന് ലോക്‌സഭ പരിഗണിച്ചേക്കും. എംപി ഷാഫി പറമ്പിലിന്റെ പ്രമേയമാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന വിമാന നിരക്കുകൾ നിയന്ത്രിക്കാൻ അർദ്ധ ജുഡീഷ്യൽ സംവിധാനം വേണമെന്ന് പ്രമേയം നിർദ്ദേശിക്കുന്നു.

കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ജോൺ ബ്രിട്ടാസിന്റെ സ്വകാര്യ പ്രമേയം രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ.ആറിനെക്കുറിച്ചുള്ള ചർച്ച രാജ്യസഭയിൽ തിങ്കളാഴ്ച തുടരും.

Related Stories

No stories found.
Times Kerala
timeskerala.com