ഇൻഡിഗോ പ്രതിസന്ധി: ഇന്ന് റദ്ദാക്കിയത് 700ഓളം വിമാനങ്ങൾ; രാജ്യമെങ്ങും യാത്രക്കാർ വലഞ്ഞു, പ്രതിഷേധം | IndiGo

സംഭവത്തിൽ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു
IndiGo crisis, Around 700 flights cancelled today
Updated on

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെമ്പാടുമുള്ള യാത്രക്കാർ ദുരിതത്തിൽ. ഇന്ന് മാത്രം ഏഴുന്നൂറോളം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതിനെ തുടർന്ന് പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് ഈ വൻ പ്രതിസന്ധിക്ക് പ്രധാന കാരണം.(IndiGo crisis, Around 700 flights cancelled today)

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളെല്ലാം പ്രതിസന്ധിയിലാണ്. ഡൽഹിയിൽ ഇന്ന് വൈകുന്നേരം 3 മണിവരെയുള്ള എല്ലാ ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കി. ഇന്ന് മാത്രം 400-ലധികം വിമാനങ്ങളാണ് ഡൽഹിയിൽ നിന്ന് റദ്ദാക്കിയത്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ട 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സർവീസുകളും റദ്ദാക്കി.

ചെന്നൈയിൽ വൈകുന്നേരം 6 വരെയുള്ള എല്ലാ ഇൻഡിഗോ വിമാനങ്ങളും റദ്ദാക്കി. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 20 വിമാനങ്ങളും എത്തേണ്ട 11 വിമാനങ്ങളും ഉൾപ്പെടെ 31 സർവീസുകളാണ് ഇവിടെ റദ്ദാക്കിയത്. മഹാരാഷ്ട്രയിൽ നിന്ന് 32-ഉം, ബെംഗളൂരുവിൽ നിന്ന് 102-ഉം സർവീസുകൾ റദ്ദാക്കി. ഛത്തീസ്ഗഡ്, ഗോവ, പട്ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധി തുടരുകയാണ്.

ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കിയതോടെ കേരളത്തിലെ യാത്രക്കാരും ദുരിതത്തിലായി. തിരുവനന്തപുരം, കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ അടക്കം സർവീസുകൾ അലങ്കോലപ്പെട്ടു.കൂട്ട റദ്ദാക്കലുകൾക്കൊപ്പം മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് കൂടി ആയതോടെ പലയിടത്തും യാത്രക്കാർ പ്രതിഷേധമുയർത്തി. യഥാർത്ഥ കാരണം എന്താണെന്ന് അധികൃതർ വെളിപ്പെടുത്തണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

ക്രൂ ഡ്യൂട്ടി ടൈം ചട്ടം (FDTL) നടപ്പാക്കിയതിനെ തുടർന്ന് പൈലറ്റുമാരുടെ കുറവ് നേരിടുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും വിമർശനമുണ്ട്. ഫെബ്രുവരി 10-ഓടെ മാത്രമേ സർവീസ് പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയൂ എന്നാണ് ഇൻഡിഗോ അധികൃതർ പറയുന്നത്.

ഇൻഡിഗോയുടെ പ്രതിസന്ധി പാർലമെൻ്റിലും വലിയ ചർച്ചയായി. കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. ഒരു വിമാനക്കമ്പനിക്ക് സർവാധിപത്യം നൽകിയതിൻ്റെ തിരിച്ചടിയാണ് രാജ്യം അനുഭവിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാരിൻ്റെ കുത്തക മാതൃകയുടെ ഫലമാണ് ഇൻഡിഗോയുടെ പരാജയമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com