ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനത്തിന് (ATF) വില കുത്തനെ കൂടിയതോടെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo Flight Rates 2026). അടിസ്ഥാന നിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധന സർചാർജിലാണ് വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകൾക്ക് ഇനി കൂടുതൽ പണം നൽകേണ്ടി വരും.
ദൂരത്തിനനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെയാണ് വർദ്ധനവ്. 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 275 രൂപയും, 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 950 രൂപയുമാണ് പുതിയ സർചാർജ്. അന്താരാഷ്ട്ര സർവീസുകൾക്ക് 900 രൂപ മുതൽ 10,000 രൂപ വരെയാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയിലേക്കും, ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള യാത്രകൾക്കാണ് സർചാർജ് ഏറ്റവും കൂടുതൽ വർദ്ധിച്ചത്.
പുതുക്കിയ നിരക്കുകൾ ഏപ്രിൽ 2 വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇൻഡിഗോ അറിയിച്ചു. ബുധനാഴ്ച രാജ്യത്ത് വിമാന ഇന്ധനത്തിന് (ATF) 25 ശതമാനത്തോളം വില വർദ്ധിച്ചിരുന്നു. വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് മാറ്റിവെക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനവ് കമ്പനികളെ ടിക്കറ്റ് നിരക്ക് ഉയർത്താൻ നിർബന്ധിതരാക്കുകയായിരുന്നു. ഇൻഡിഗോയ്ക്ക് പിന്നാലെ മറ്റ് വിമാനക്കമ്പനികളും നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Story Summary:
IndiGo has increased its fuel surcharge for both domestic and international flights following a 25% hike in Aviation Turbine Fuel (ATF) prices. Domestic fares will see an increase of ₹275 to ₹950, while international surcharges will rise between ₹900 and ₹10,000, effective from 1 AM on Thursday. The move comes as fuel accounts for nearly 40% of the airline’s operating costs.

