ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരുടെ ലഗേജ് കാണാനില്ല; ഓട്ടോയിൽ കൊണ്ടുവന്നത് 4-ാ൦ ദിവസം | Indigo Airlines
ഹൈദരാബാദ്: ഇന്‍ഡിഗോ വിമാനത്തില്‍ ജനുവരി 11 ന് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിച്ചവരുടെ ലഗേജുകള്‍ വിമാനത്തില്‍ എത്തിയില്ലെന്ന് വിവരം(Indigo Airlines). വിമാനത്തിലുണ്ടായിരുന്ന മദന്‍ കുമാര്‍ റെഡ്ഡി കോട്ല എന്ന വ്യക്തിയാണ് തനിക്കുണ്ടായ മോശം അനുഭവം വിവരിച്ച് ലിങ്ക്ഡ് ഇന്നില്‍ കുറിപ്പ് പങ്കുവച്ചത്. യാത്രക്കാരുടെ ലഗേജുകള്‍ എയര്‍ലൈന്‍ ദോഹയില്‍ ഉപേക്ഷിച്ച് പറന്നതായും ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ ചോദിച്ചപ്പോള്‍ എയര്‍ലൈന്‍ നല്‍കിയ മറുപടി അവിശ്വനീയമാണെന്നാണ് മദന്‍ കുമാര്‍ പറയുന്നത്.
വിമാനത്തില്‍ സ്ഥലമില്ലാത്തതിനാൽ ലഗേജ് കൊണ്ടുവരാനായില്ലെന്നും ലഗേജുകള്‍ കാണാതായതോടെ ഇന്‍ഡിഗോ സ്റ്റാഫിനോട് ചോദിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ലഗേജുകള്‍ എത്തുമെന്നും ഇതിനായി യാത്രക്കാര്‍ 14-ാം നമ്പര്‍ ബെല്‍റ്റില്‍ എത്തി ബാഗേജ് വിവരങ്ങള്‍ നല്‍കണമെന്നുമാണ് പറഞ്ഞത്. ഇതനുസരിച്ച് യാത്രക്കാര്‍ വിവരങ്ങള്‍ നല്‍കുകയായിരുന്നു.
24 മണിക്കൂറിനുള്ളില്‍ ബാഗേജുകള്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ബാഗേജ് ലഭിച്ചത് 3 ദിവസം കഴിഞ്ഞാണെന്നും 14-ാം തീയതിയാണ് തനിക്ക് ലഗേജ് ലഭിച്ചതെന്നും പറഞ്ഞാല്‍ വിശ്വസിക്കാത്ത രീതിയില്‍ അശ്രദ്ധമായാണ് ബാഗേജ് വീട്ടിലെത്തിച്ചതെന്നും മദന്‍ കുമാര്‍ ആരോപിക്കുന്നു. തന്‍റെ ലഗേജ് എത്തിയത് ഓട്ടോയിലാണെന്നും വാച്ച് ഉൾപ്പെടെ പല സാധനങ്ങളും ബാഗേജില്‍ നിന്ന് കാണാതായെന്നും മദന്‍ കുമാര്‍ കുറിപ്പിൽ പറയുന്നു. ഇതിന്‍റെ ഫോട്ടോകളും ലിങ്ക്ഡ് ഇന്നിൽ ചേര്‍ത്തിട്ടുണ്ട്.