ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ വർധനയ്ക്ക് പിന്നാലെ പയറുവർഗങ്ങളുടെ നികുതി ഉയർത്തി ഇന്ത്യയുടെ മറുപടി. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യുന്ന പയറുവർഗങ്ങൾക്കും പരിപ്പുകൾക്കും 30 ശതമാനം തീരുവയാണ് കേന്ദ്ര സർക്കാർ ചുമത്തിയിരിക്കുന്നത്.(India's silent blow to America, Tariff on pulses increased to 30 percent)
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ തീരുവ നിലവിലുണ്ടെങ്കിലും കേന്ദ്ര സർക്കാർ ഇതിന് കാര്യമായ പ്രചരണം നൽകിയിരുന്നില്ല. എന്നാൽ, അമേരിക്കയിലെ രണ്ട് സെനറ്റർമാർ പ്രസിഡന്റ് ട്രംപിന് കത്തെഴുതിയതോടെയാണ് ഇന്ത്യയുടെ ഈ തന്ത്രപരമായ നീക്കം ആഗോളതലത്തിൽ ചർച്ചയാകുന്നത്.
നോർത്ത് ഡക്കോട്ടയിൽ നിന്നുള്ള കെവിൻ ക്രാമർ, മൊണ്ടാനയിൽ നിന്നുള്ള സ്റ്റീവ് ഡെയിൻസ് എന്നീ സെനറ്റർമാരാണ് ട്രംപിന് കത്തയച്ചത്. ഇന്ത്യ ചുമത്തിയ വൻ തീരുവ കാരണം അമേരിക്കൻ കർഷകരും കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണെന്ന് സെനറ്റർമാർ ചൂണ്ടിക്കാട്ടി. തീരുവ കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ പ്രസിഡന്റ് ട്രംപ് സമ്മർദ്ദം ചെലുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉറപ്പിക്കുന്നതിന് മുൻപ് ഈ വിഷയം പരിഹരിക്കണമെന്നാണ് ആവശ്യം. കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയർത്തിയ യുഎസ് നടപടിക്ക് പകരമായാണ് ഇന്ത്യയുടെ ഈ നീക്കം. ആഭ്യന്തര കാർഷിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനും അമേരിക്കയുമായുള്ള ചർച്ചകളിൽ വിലപേശൽ ശേഷി വർധിപ്പിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
2020-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്തും പയറുവർഗങ്ങളുടെ നികുതി വിഷയം ചർച്ചയായിരുന്നു. അന്ന് മോദിക്ക് നേരിട്ട് കത്ത് നൽകിയാണ് ട്രംപ് പരിഹാരം കണ്ടിരുന്നത്. എന്നാൽ ഇത്തവണ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ അതോ വ്യാപാര കരാറിൽ മറ്റ് ഇളവുകൾക്ക് പകരം ഇത് ആയുധമാക്കുമോ എന്നാണ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.