ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. ദീർഘദൂര യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെ എത്തുന്ന ട്രെയിൻ ഗുവാഹത്തിയിൽ നിന്നും കൊൽക്കത്തയിലേക്കാണ് ആദ്യ സർവീസ് നടത്തുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.(India's first Vande Bharat sleeper train service on Guwahati-Kolkata route)
മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ ട്രെയിൻ. കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. ആകെ 16 കോച്ചുകൾ ഉണ്ട്. ഇതിൽ 11 ത്രീ-ടയർ എസി, 4 ടൂ-ടയർ എസി, 1 ഫസ്റ്റ് ക്ലാസ് എസി എന്നിവ ഉൾപ്പെടുന്നു.
ഒരേസമയം 823 യാത്രക്കാർക്ക് യാത്ര ചെയ്യാം. ഭക്ഷണം ഉൾപ്പെടെയുള്ള ഏകദേശ യാത്രാ നിരക്കുകൾ പരിശോധിച്ചാൽ, ത്രീ-ടയർ എസിക്ക് 2,300 രൂപയും ടൂ-ടയർ എസിക്ക് 3,000 രൂപയുമാണ് കണക്കാക്കുന്നത്. ഏറ്റവും ഉയർന്ന ക്ലാസായ ഫസ്റ്റ് ക്ലാസ് എസിയിൽ യാത്ര ചെയ്യുന്നതിന് ഏകദേശം 3,600 രൂപയാകും ചിലവ് വരിക.
ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന 'കവച്' സാങ്കേതികവിദ്യയും അടിയന്തര ഘട്ടങ്ങളിൽ ഡ്രൈവറുമായി സംസാരിക്കാൻ 'ടോക്ക് ബാക്ക്' സംവിധാനവും ഇതിലുണ്ട്. കുഷ്യൻ ബെർത്തുകൾ, ശബ്ദമലിനീകരണം കുറയ്ക്കാനുള്ള അഡ്വാൻസ്ഡ് സസ്പെൻഷൻ, ഓട്ടോമാറ്റിക് ഡോറുകൾ എന്നിവയും, കോച്ചുകളിൽ വായു ശുദ്ധീകരണത്തിനും അണുനശീകരണത്തിനുമുള്ള അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. വായുസഞ്ചാരമുള്ള ഇന്റീരിയറും എയറോഡൈനാമിക് ഡിസൈനും ആയതിനാൽ രാത്രികാല യാത്രകളിൽ വളരെ നല്ല അനുഭവം ഇത് നൽകുന്നു.