
മെഹ്‌സാന: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റോടെ ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുജറാത്തിലെ മെഹ്‌സാനയിലെ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള ട്രാക്കുകളുടെയും ഇലക്ട്രിക് വയറിങ്ങിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജാപ്പനീസ് മന്ത്രി നകാനോ ഗുജറാത്ത് സന്ദർശിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ പുരോഗതി ഇങ്ങനെ:
ആദ്യ സർവീസ്: ബുള്ളറ്റ് ട്രെയിൻ സർവീസ് ആദ്യം തുടങ്ങുന്നത് സൂറത്തിൽ നിന്ന് ബിലിമോറ വരെയായിരിക്കും.
തുടക്കം: 2027 ഓഗസ്റ്റോടെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
പൂർണ്ണമാവുക: മുഴുവൻ പദ്ധതിയും 2029 ഡിസംബറോടെ പൂർത്തിയാകുമെന്ന് നേരത്തെ റെയിൽവേ മന്ത്രി വ്യക്തമാക്കിയിരുന്നു.
ദൂരപരിധി: 2028-ഓടെ താനെ വരെയും 2029-ഓടെ മുംബൈ വരെയും സർവീസുകൾ നീട്ടാനാണ് റെയിൽവേയുടെ പദ്ധതി.
മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ (MAHSR) പദ്ധതി:
ദൈർഘ്യം: 508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ ഹൈ സ്പീഡ് റെയിൽ പദ്ധതി.
സഹായം: ജപ്പാൻ സർക്കാരിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
സ്റ്റേഷനുകൾ: മുംബൈ, താനെ, വിരാർ, ബോയ്സർ, വാപ്പി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ ആകെ 12 സ്റ്റേഷനുകളായിരിക്കും പദ്ധതിയിൽ ഉണ്ടായിരിക്കുക.