ഇന്ത്യയിലെ ആദ്യ ആധാര്‍ കാര്‍ഡ് ഉടമ; പക്ഷേ ക്ഷേമപദ്ധതികളില്‍ പുറത്ത് | India's first Aadhaar holder

15 വര്‍ഷം മുമ്പ് ലഭിച്ച ആധാര്‍ കാര്‍ഡ് കൊണ്ട് ഒരു ക്ഷേമവും തനിക്കുണ്ടായില്ലെന്ന് രഞ്ജന
Aadhar
Published on

മുംബൈ: ഇന്ത്യയിലെ ആദ്യ ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്നത് 2010 സെപ്തംബര്‍ 29നാണ്. മഹാരാഷ്ട്രയിലെ തുബ്ലി ഗ്രാമത്തിലെ രഞ്ജന സോനാവനെയാണ് ആദ്യ കാര്‍ഡ് ഏറ്റുവാങ്ങിയത്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയും ഉൾപ്പെടെ സന്നിഹിതരായിരുന്ന വേദിയില്‍വെച്ചാണ് രഞ്ജന സോനാവനെയ്ക്ക് രാജ്യത്തെ ആദ്യ ആധാര്‍ കാര്‍ഡ് നൽകിയത്. അന്ന് രാജ്യത്തെ എല്ലാ ആനുകൂല്യങ്ങളിലേക്കുമുള്ള 'താക്കോല്‍' എന്ന തരത്തിലാണ് ആധാര്‍ വിശേഷിപ്പിക്കപ്പെട്ടത്.

മഹാരാഷ്ട്രയിലെ നന്ദൂര്‍ബാര്‍ ജില്ലയിലെ തെംബ്ലി ഗ്രാമത്തിലെ അന്നത്തെ ചടങ്ങോടെയാണ് രാജ്യത്തെ ആധാര്‍ വിപ്ലവത്തിന് തുടക്കം കുറിച്ചത്. അതേറ്റുവാങ്ങിയ രഞ്ജന സോനാവനെ എന്ന പേരും ആളുകള്‍ തിരിച്ചറിഞ്ഞു. ഈ കാർഡ് കിട്ടിയതോടെ തന്റെ ജീവിതം മാറുകയാണെന്നും ക്ഷേമപദ്ധതികളില്‍ തനിക്ക് വലിയ പരിഗണന കിട്ടുമെന്നുമെല്ലാം രഞ്ജന കരുതി. എന്നാല്‍ 15 വര്‍ഷം മുമ്പ് ലഭിച്ച ആധാര്‍ കാര്‍ഡ് കൊണ്ട് ഒരു ക്ഷേമവും തനിക്കുണ്ടായില്ലെന്നാണ് 54 കാരിയായ രഞ്ജന പറയുന്നത്.

മഹാരാഷ്ട്രാ സര്‍ക്കാരിന്റെ മയ്യ ലഡ്കി ബഹിന്‍ യോജനയിലേക്ക് രഞ്ജന തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രതിമാസം 1500 രൂപയാണ് ഈ പദ്ധതി വഴി ലഭിക്കുക. സര്‍ക്കാര്‍ രേഖകളില്‍ രഞ്ജനയുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് എല്ലാ മാസവും പണം അയക്കുന്നുണ്ട്. എന്നാലത് ലഭിക്കുന്നത് അവര്‍ക്കല്ല. അവരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്. പക്ഷേ പണം പോകുന്നത് ഒരു സ്വകാര്യ ബാങ്കിലെ മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ്. അതും അവരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതു പരിഹരിക്കാന്‍ വര്‍ഷങ്ങളോളം സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും രഞ്ജന കയറിയിറങ്ങിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

വിദ്യാഭ്യാസമില്ലാത്തതിനാല്‍ ബാങ്ക് അക്കൗണ്ട് ശരിയാക്കാനും ആധാര്‍ ലിങ്ക് ചെയ്യാനും രഞ്ജന മറ്റൊരാളുടെ സഹായം തേടിയിരുന്നു. അവര്‍ക്ക് സംഭവിച്ച പിഴവോ അവര്‍ നടത്തിയ തട്ടിപ്പോ എന്താണെന്ന് അറിയില്ല ഇതിനു പിന്നിൽ. നിരവധി ഗ്രാമീണര്‍ക്ക് ഇതേ അവസ്ഥയുണ്ടെന്നും രഞ്ജന പറഞ്ഞു. പണം അക്കൗണ്ടിലേക്ക് പോയതിനാല്‍ ഇനി തിരിച്ചെടുക്കാനാകില്ലെന്നാണ് ബാങ്ക് പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com