

ന്യൂഡൽഹി: ആഭ്യന്തര സംഘർഷവും യുദ്ധസമാനമായ സാഹചര്യവും നിലനിൽക്കുന്ന ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം രാജ്യത്ത് തിരിച്ചെത്തി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ടെഹ്റാനിൽ നിന്നുള്ള മഹാൻ എയർലൈൻ വിമാനത്തിലാണ് സംഘം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
തിരിച്ചെത്തിയവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. ഇവർക്ക് പുറമെ തീർത്ഥാടനത്തിന് പോയവരും സംഘത്തിലുണ്ട്. ഇറാനിലെ സ്ഥിതിഗതികൾ നിലവിൽ അതീവ ഗുരുതരമാണെന്ന് യാത്രക്കാർ വെളിപ്പെടുത്തി. ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കുന്നുണ്ടെങ്കിലും നിലവിൽ സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്താണ് പലരും മടങ്ങിയെത്തുന്നത്.
ഇറാൻ വ്യോമപാത നിലവിൽ തുറന്നിരിക്കുന്നതിനാലും വിമാന സർവീസുകൾ ലഭ്യമായതിനാലും കേന്ദ്ര സർക്കാർ നേരിട്ടുള്ള ഒഴിപ്പിക്കൽ നടപടികൾ (Evacuation) ഇപ്പോൾ ആലോചിക്കുന്നില്ല. എന്നാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാർ മടങ്ങിയെത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.