ടൊറന്റോയിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട നിലയിൽ; പ്രതി പങ്കാളിയെന്ന് സംശയം, കാനഡയിലുടനീളം തിരച്ചിൽ | Indian Woman Killed Canada
ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ 30 വയസ്സുകാരിയായ ഹിമാൻഷി ഖുരാന എന്ന ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ പങ്കാളിയായ അബ്ദുൾ ഗഫൂരി (32) ആണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇയാൾക്കായി കാനഡയിലുടനീളം ലുക്ക്ഔട്ട് നോട്ടീസ് (Canada-wide warrant) പുറപ്പെടുവിച്ചതായും ടൊറന്റോ പോലീസ് അറിയിച്ചു.
ഡിസംബർ 19-ന് രാത്രിയാണ് ഹിമാൻഷിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിൽ ഡിസംബർ 20-ന് പുലർച്ചെ 6:30 ഓടെ ഒരു വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹിമാൻഷിയുടെ മരണം കൊലപാതകമാണെന്ന് (Homicide) പോലീസ് സ്ഥിരീകരിച്ചു. ഹിമാൻഷിയും അബ്ദുൾ ഗഫൂരിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇതൊരു 'ഇന്റിമേറ്റ് പാർട്ണർ വയലൻസ്' (Intimate partner violence) ആണെന്നുമാണ് പ്രാഥമിക നിഗമനം.
ടൊറന്റോ സ്വദേശിയായ അബ്ദുൾ ഗഫൂരിക്കെതിരെ ഒന്നാം ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാൾക്കായി പോലീസ് ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്.യുവതിയുടെ മരണത്തിൽ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് അതീവ ദുഃഖം രേഖപ്പെടുത്തി. ഹിമാൻഷി ഖുരാനയുടെ കുടുംബവുമായി കോൺസുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ നിയമസഹായവും പിന്തുണയും പ്രാദേശിക അധികാരികളുമായി ചേർന്ന് ഉറപ്പാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.

