
ന്യൂയോർക്ക് : ന്യൂവാർക്ക് വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ കൈകൾ വിലങ്ങിട്ട് നിലത്ത് ബലമായി കിടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് യുഎസ് എംബസി(Indian student). കുടിയേറ്റ നിയമങ്ങളുടെ ലംഘനങ്ങൾ യുഎസ് അനുവദിക്കില്ലെന്നും വിസ ദുരുപയോഗം വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് എംബസി വ്യക്തമാക്കി.
ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ കൈകൾ വിലങ്ങിട്ട് നിലത്ത് കിടത്തുന്നതിന്റെ ഒരു വീഡിയോ പുറത്തു വന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചതോടെ കേന്ദ്ര സർക്കാരിന്റെ മൗനത്തെ കോൺഗ്രസ് പാർട്ടി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് എംബസിയുടെ പ്രതികരണം പുറത്തു വരുന്നത്.
"യുണൈറ്റഡ് സ്റ്റേറ്റ്സ് നമ്മുടെ രാജ്യത്തേക്ക് നിയമാനുസൃത യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുന്നു. എന്നിരുന്നാലും, യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശിക്കാൻ അവകാശമില്ല. നിയമവിരുദ്ധമായ പ്രവേശനം, വിസ ദുരുപയോഗം അല്ലെങ്കിൽ യുഎസ് നിയമലംഘനം എന്നിവ ഞങ്ങൾക്ക് അനുവദിക്കാൻ കഴിയില്ല, അനുവദിക്കുകയുമില്ല." - യുഎസ് എംബസി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.