ഹൈദരാബാദ്: യു.എസിലെ ടെക്സസിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബാപ്പട്ട്ല ജില്ലയിലെ കരംചേടു സ്വദേശിനിയായ 23 വയസ്സുകാരി രാജ്യലക്ഷ്മി (രാജി) യാർലഗഡ്ഡയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്സസ് എ&എം യൂണിവേഴ്സിറ്റി–കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെ എം.എസ്. ബിരുദം പൂർത്തിയാക്കിയ രാജി, പഠനശേഷം ജോലി അന്വേഷിക്കുന്ന തിരക്കിലായിരുന്നു. രാജിയുടെ റൂംമേറ്റ്‌സ് ആണ് മൃതദേഹം കണ്ടെത്തിയത്.
കടുത്ത ചുമയും നെഞ്ചുവേദനയും കാരണം 2-3 ദിവസമായി രാജിക്ക് അസുഖം ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തനിക്ക് ജലദോഷവും ക്ഷീണവും ഉണ്ടെന്ന് രാജി വീട്ടുകാരോട് പറഞ്ഞിരുന്നു. നവംബർ ഏഴിനാണ് യുവതി മരണപ്പെട്ടതെന്ന്, രാജിയുടെ കസിൻ ചൈതന്യ വൈ.വി.കെ. ആരംഭിച്ച ധനസമാഹരണ ക്യാമ്പയിനിൽ പറയുന്നു. മരണകാരണം കണ്ടെത്താനുള്ള മെഡിക്കൽ പരിശോധനകൾ പുരോഗമിക്കുകയാണ്.
വിജയവാഡയിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ രാജി, ഉന്നത പഠനത്തിനായി 2023-ലാണ് യു.എസിലേക്ക് പോയത്. അടുത്തിടെ കമ്പ്യൂട്ടർ സയൻസിൽ എം.എസ്. പൂർത്തിയാക്കിയ ശേഷം അവർ ജോലി അന്വേഷിക്കുന്ന തിരക്കിലായിരുന്നു.
കരമച്ചേടിലെ ചെറിയ കൃഷിഭൂമിയെ ആശ്രയിച്ച് കഴിയുന്ന തൻ്റെ കുടുംബത്തിന് മെച്ചപ്പെട്ട ഭാവി നൽകാനാണ് രാജി യു.എസിലേക്ക് പോയതെന്ന് കസിൻ ചൈതന്യ ഗോഫണ്ട്‌മീ അപ്പീലിൽ പറയുന്നു. "കൃഷി തുടരാൻ മാതാപിതാക്കളെ സഹായിക്കാൻ സ്വപ്നം കണ്ട, ഒരുപാട് പ്രതീക്ഷകളുള്ളയാളായിരുന്നു അവൾ," എന്നും ക്യാമ്പയിനിൽ കുറിച്ചു. രാജിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി കുടുംബത്തെ സഹായിക്കാൻ ധനസമാഹരണ കാമ്പയിൻ പുരോഗമിക്കുകയാണ്.