ന്യൂഡൽഹി: തെക്കൻ കാലിഫോർണിയയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ കുറ്റാരോപിതനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ ജഷൻപ്രീത് സിംഗിനെ തലപ്പാവ് (ദസ്തർ) ഇല്ലാതെ യു.എസ്. കോടതിയിൽ ഹാജരാക്കിയ സംഭവം ഇന്ത്യയിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. ചിത്രം പുറത്തുവന്നതോടെ പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിലെ സിഖ് സമൂഹമാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.( Indian Sikh driver produced in US court without turban, Protests in Punjab)
ജഷൻപ്രീത് സിംഗിന് (21) തലപ്പാവ് തിരികെ നൽകണമെന്ന് ശിരോമണി അകാലിദൾ (എസ്.എ.ഡി.) പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. തലപ്പാവില്ലാതെ ഹാജരാക്കിയ നടപടി സിഖ് വിശ്വാസത്തിന്റെ ലംഘനമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ മതപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും ന്യായമായ വിചാരണ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിഖ് വിശ്വാസികൾ അഭിപ്രായ രൂപീകരണത്തിന് ശ്രമം തുടങ്ങി.
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് മൂന്ന് പേരുടെ നരഹത്യയ്ക്ക് കാരണമായ സംഭവത്തിലാണ് ജഷൻപ്രീത് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. 2022-ൽ ഇന്ത്യയിൽ നിന്ന് നിയമപരമല്ലാതെ യു.എസിലേക്ക് കുടിയേറിയ ഇയാൾ യൂബ സിറ്റിയിലാണ് താമസിച്ചിരുന്നത്.
ഒക്ടോബർ 21-ന് കാലിഫോർണിയയിലെ ഒന്റാറിയോയ്ക്ക് സമീപം ഇയാൾ ഓടിച്ച ട്രക്ക് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സാൻ ബെർണാർഡിനോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്.
ട്രക്ക് ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നാണ് കുടുംബത്തിന്റെ വാദം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ കുറ്റക്കാരനല്ലെന്ന് ജഷൻപ്രീത് സിംഗ് പറഞ്ഞിരുന്നു. ജാമ്യം ലഭിക്കാത്തതിനാൽ പ്രതി ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. കേസിൽ പ്രാഥമിക വാദം നവംബർ നാലിനാണ് നടക്കുക.