പൂനെ: പ്രപഞ്ചത്തിലെ ആദ്യ താരാപഥങ്ങളിൽ ഒന്നിനെ കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. പ്രപഞ്ചത്തിന് 150 കോടി വർഷം മാത്രം പഴക്കമുള്ളപ്പോൾ മുതൽ നിലനിന്നിരുന്ന ഒരു താരാപഥത്തെയാണ് പൂനെയിലെ അസ്ട്രോഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷകരായ റാഷി ജെയ്‌നും യോഗേഷ് വഡവഡേക്കറും ചേർന്ന് കണ്ടെത്തിയത്.(Indian scientists discover one of the first galaxies in the universe, Named Alaknanda)
യൂറോപ്യൻ ജേണൽ ആസ്‌ട്രോണമി & ആസ്‌ട്രോഫിസിക്‌സിൽ പ്രസിദ്ധീകരിച്ച ജേണലിലാണ് ഈ കണ്ടെത്തലിനെക്കുറിച്ച് വിവരിക്കുന്നത്. ഹിമാലയത്തിലെ പുണ്യനദിയായ അളകനന്ദയുടെ പേരാണ് ഈ പുതിയ താരാപഥത്തിന് നൽകിയിരിക്കുന്നത്. ജെയിംസ് വെബ് ടെലിസ്കോപ്പിലെ വിവരങ്ങൾ അപഗ്രഥിച്ചാണ് 'അളകനന്ദയെ' കണ്ടെത്തിയതെന്ന് നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സിലെ പ്രൊഫസർ യോഗേഷ് വഡവഡേക്കർ പറഞ്ഞു.
ഭൂമിയുൾപ്പെടുന്ന താരാപഥമായ ക്ഷീരപഥം (Milky Way) പോലെ സർപ്പിളാകൃതിയിലുള്ളതാണ് (സ്‌പൈറൽ) അളകനന്ദ. ആദ്യകാലത്ത് രൂപപ്പെട്ട ഗാലക്‌സികൾ പൊതുവെ കുഴപ്പമില്ലാത്തതും ചെറുതും അസ്ഥിരവുമായിരുന്നു. വ്യക്തമായ ആകൃതിയില്ലാത്തവയായിരുന്നു അത്തരം ഗാലക്‌സികൾ. എന്നാൽ അളകനന്ദ ഗാലക്‌സിക്ക് ക്ഷീരപഥം പോലെ കൃത്യമായ സർപ്പിളാകൃതിയുണ്ട് എന്നുള്ളതാണ് ഈ കണ്ടെത്തലിന്റെ ഏറ്റവും വലിയ കൗതുകം. ഇത്തരം ഗാലക്‌സികൾ അതിന്റെ ഭുജങ്ങൾ വികസിപ്പിക്കാൻ കുറഞ്ഞത് മൂന്ന് ബില്യൺ വർഷമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവേഷണത്തിന് നേതൃത്വം നൽകിയ പി.എച്ച്.ഡി. വിദ്യാർത്ഥിനിയായ റാഷി ജെയ്ൻ അളകനന്ദ ഗാലക്‌സിയുടെ പ്രത്യേകതകൾ വിശദീകരിച്ചു. അളകനന്ദ ഗാലക്‌സി 12 ബില്യൺ പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഏകദേശം 30,000 പ്രകാശവർഷം വ്യാസമുണ്ട്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ചാണ് ഈ താരാപഥത്തെ കണ്ടെത്തിയത്.