ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പരിഷ്കരിച്ച ടിക്കറ്റ് നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. ദീർഘദൂര യാത്രക്കാർക്ക് പുതിയ മാറ്റം ബാധകമാകും. സാധാരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയും നിരക്ക് വർധന കാര്യമായി ബാധിക്കില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ അവകാശവാദം.(Indian Railway's ticket fare hike from tomorrow)
മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ നോൺ-എസി ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസ വീതം വർധിക്കും. ഉദാഹരണത്തിന് തിരുവനന്തപുരം മുതൽ ചെന്നൈ വരെയുള്ള യാത്രയ്ക്ക് 20 രൂപയോളം അധികം നൽകേണ്ടി വരും. ഓർഡിനറി ക്ലാസുകളിൽ 215 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള യാത്രകൾക്ക് കിലോമീറ്ററിന് 1 പൈസ വീതം വർധിക്കും. 500 കിലോമീറ്റർ വരെയുള്ള നോൺ-എസി യാത്രയ്ക്ക് 10 രൂപ വരെ അധികം ചെലവാകും.
ചില വിഭാഗങ്ങളെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 215 കിലോമീറ്റർ വരെയുള്ള ഓർഡിനറി യാത്രക്കാർക്ക് നിരക്ക് കൂടില്ല. മുംബൈ പോലുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും മെട്രോ സർവീസുകളിലും പഴയ നിരക്ക് തുടരും. സീസൺ ടിക്കറ്റ് പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കുകളിൽ മാറ്റമുണ്ടാകില്ല.
ഈ നിരക്ക് വർധനയിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. മുൻപ് ജൂലൈയിൽ വരുത്തിയ നിരക്ക് വർധനയിലൂടെ ഇതിനോടകം 700 കോടി രൂപ നേടാനായെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനത്തിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക.