
ന്യൂഡൽഹി: തത്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ ഒ.ടി.പി പരിശോധന നിർബന്ധമാക്കി ഇന്ത്യൻ റെയിൽവെ(Tatkal ticket bookings). ജൂലൈ ഒന്ന് മുതൽ രണ്ട് ഘട്ടങ്ങളിലായി ഇത് പ്രാബല്യത്തിൽ വരും. തത്കാൽ ടിക്കറ്റിന്റെ വ്യാപകമായ ക്രമക്കേടുകളും ദുരുപയോഗവും റയിൽവെയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പുതിയ തീരുമാനം നടപ്പിൽ വരുന്നതോടെ തത്കാൽ ടിക്കറ്റുകളുടെ ബുക്കിംഗ് സംവിധാനം കൂടുതൽ സുതാര്യമാകും.
പുതിയ വിജ്ഞാപന പ്രകാരം, ജൂലൈ 1 മുതൽ ആധാർ പരിശോധിച്ച് മാത്രമേ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എ സി ക്ലാസുകൾക്ക് രാവിലെ 10:00 മുതൽ 10:30 വരെയും എസി ഇതര ക്ലാസുകൾക്ക് രാവിലെ 11:00 മുതൽ 11:30 വരെയുമാണ് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാവുക.
അതുപോലെ, റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടർ ബുക്കിംഗുകൾക്കും OTP പരിശോധന ആവശ്യമാണ്. ഇതിനായി യാത്രക്കാർ ബുക്കിംഗ് സമയത്ത് ഒരു മൊബൈൽ നമ്പർ നൽകേണ്ടതുണ്ട്. ജൂലൈ 15 മുതൽ ഈ വ്യവസ്ഥ രാജ്യവ്യാപകമായി നടപ്പിലാക്കും.