ന്യൂഡൽഹി: ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ ഇന്ത്യൻ വംശജയായ സുപ്രിയ താക്കൂർ (36) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിക്രാന്ത് താക്കൂറിനെ (42) സൗത്ത് ഓസ്‌ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത്ഫീൽഡിലെ വെസ്റ്റ് അവന്യൂവിലുള്ള വസതിയിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.(Indian-origin woman murdered in Australia, Husband arrested)
ഞായറാഴ്ച രാത്രി എട്ടരയോടെ ദമ്പതികളുടെ വീട്ടിൽ നിന്ന് ബഹളവും ഗാർഹിക പീഡനവും നടക്കുന്നതായി പൊലീസിന് സന്ദേശം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോൾ സുപ്രിയ വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ ജീവൻ രക്ഷിക്കാനായി സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ ഭർത്താവ് വിക്രാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രജിസ്റ്റേർഡ് നഴ്‌സായി ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുപ്രിയ. ആ സ്വപ്നം പൂവണിയുന്നതിന് തൊട്ടുമുമ്പാണ് ഭർത്താവിന്റെ കൈകളാൽ ഇവർ കൊല്ലപ്പെട്ടത്. ദമ്പതികൾക്ക് കൗമാരക്കാരനായ ഒരു മകനുണ്ട്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച അഡ്ലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വിക്രാന്ത് ജാമ്യത്തിന് അപേക്ഷിച്ചില്ല. പോസ്റ്റ്‌മോർട്ടം, ഡി.എൻ.എ പരിശോധന, ഫോണുകളിലെ ഡിജിറ്റൽ തെളിവുകൾ എന്നിവ ശേഖരിക്കാൻ പ്രോസിക്യൂഷൻ 16 ആഴ്ചത്തെ സമയം ആവശ്യപ്പെട്ടു. കേസ് ഏപ്രിൽ മാസത്തിൽ വീണ്ടും പരിഗണിക്കും.