ന്യൂഡൽഹി: ഇന്ത്യൻ വംശജനായ പ്രമുഖ വ്യവസായിയെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വീടിൻ്റെ മുറ്റത്ത് വെച്ച് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന സ്വദേശിയായ ദർശൻ സിങ് സഹ്സിയാണ് (65) കൊല്ലപ്പെട്ടത്. കാനം ഇൻ്റർനാഷണൽ എന്ന കമ്പനിയുടെ പ്രസിഡൻ്റാണ് ഇദ്ദേഹം.(Indian-origin businessman shot dead in Canada)
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള അബോട്‌സ്ഫോർഡിലെ റിഡ്‌ജ്‌വ്യൂ ഡ്രൈവിലെ വീട്ടുമുറ്റത്ത് വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ദർശൻ സിങ് സഹ്സിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്. അടിയന്തിര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നിൽ വൈരാഗ്യമോ?
വീട്ടിൽ നിന്ന് പുറത്തിറങ്ങി സ്വന്തം കാറിൽ കയറിയ ഉടൻ അക്രമി വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കൊലയാളി ദർശൻ സിങ് സഹ്സിയുടെ വീടിന് വെളിയിൽ കാറിൽ കാത്തിരിക്കുകയായിരുന്നു എന്നും പോലീസ് സംശയിക്കുന്നു. എന്നാൽ കൊലയാളിയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥനായ പോൾ വാക്കർ പ്രതികരിച്ചു. "പിതാവിന് ശത്രുക്കളുണ്ടായിരുന്നില്ലെന്നും ആരിൽ നിന്നും ഭീഷണി നേരിട്ടിരുന്നില്ലെന്നുമാണ്" ദർശൻ സിങ്ങിൻ്റെ മകൻ അർപൻ സിങ് പ്രതികരിച്ചത്.
1991-ലാണ് പഞ്ചാബിൽ നിന്ന് ദർശൻ സിങ് സഹ്‌സി കാനഡയിലേക്ക് കുടിയേറിയത്. പിന്നീട് സ്വന്തം കമ്പനി സ്ഥാപിക്കുകയായിരുന്നു.