സൗൾ: ദക്ഷിണ കൊറിയയിലേക്ക് യാത്ര ചെയ്ത ഇന്ത്യൻ ഇൻഫ്ലുവൻസർ സച്ചിൻ അവസ്തിയെയും ഭാര്യ ദീപ്ശിഖ മിശ്രയെയും വിമാനത്താവള അധികൃതർ 38 മണിക്കൂറോളം തടഞ്ഞുവെച്ചതായി പരാതി (Indian influencer Detained South Korea). ജെജു ദ്വീപിലെത്തിയ തങ്ങളെ വ്യക്തമായ കാരണങ്ങളില്ലാതെ ക്രിമിനലുകളെപ്പോലെയാണ് അധികൃതർ കൈകാര്യം ചെയ്തതെന്ന് സച്ചിൻ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. വിദേശയാത്രകൾ പലപ്പോഴും മനോഹരമായി തോന്നാമെങ്കിലും തങ്ങൾക്ക് ഇതൊരു പേടിസ്വപ്നമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജെജു ദ്വീപിൽ ഇറങ്ങിയ ഉടൻ തന്നെ തങ്ങളെ തടഞ്ഞുവെക്കുകയും ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തുവെന്ന് സച്ചിൻ പറയുന്നു. വെളിച്ചം പോലുമില്ലാത്ത ജയിൽ മുറിക്ക് സമാനമായ സ്ഥലത്താണ് താമസിപ്പിച്ചത്. ശുചിമുറിയിൽ പോകുമ്പോൾ പോലും ബോഡി ക്യാമറ ഘടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർ കൂടെ വന്നിരുന്നതായും സച്ചിൻ ആരോപിച്ചു. യാത്രാ ഉദ്ദേശ്യത്തിൽ വ്യക്തതയില്ലെന്ന് പറഞ്ഞാണ് അധികൃതർ പ്രവേശനം നിഷേധിച്ചത്. തങ്ങളുടെ പാസ്‌പോർട്ടും ട്രാവൽ ഹിസ്റ്ററിയും പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അതിന് തയ്യാറായില്ല.
View this post on Instagram
തിരികെ വരാനായി സാധാരണ നിരക്കിനേക്കാൾ പത്തിരട്ടി തുക നൽകി ടിക്കറ്റ് എടുക്കാൻ തങ്ങളെ നിർബന്ധിച്ചതായും സച്ചിൻ ആരോപിക്കുന്നു. ചൈന വഴിയുള്ള മടക്കയാത്രയിലും കടുത്ത മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നു. തങ്ങൾ വംശീയ അധിക്ഷേപത്തിന് ഇരയായെന്നും മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ളവരും സമാനമായ രീതിയിൽ തടങ്കലിൽ ഉണ്ടായിരുന്നുവെന്നും സച്ചിൻ പറഞ്ഞു. ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി.
Summary: Indian influencer Sachin Awasthi claimed he and his wife were detained for 38 hours at Jeju Island, South Korea, without a clear explanation.

