79–ാം സ്വാതന്ത്ര്യ ദിന നിറവിൽ രാജ്യം; ത്യാഗങ്ങളിൽ പിറന്ന സ്വാതന്ത്ര്യം, ഐക്യത്തിൽ വളരുന്ന ഇന്ത്യ|Independence day 2025

 Independence day 2025
Published on

1947 ഓഗസ്റ്റ് 15, കൃത്യം 78 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ആകാശത്ത് ത്രിവർണ്ണ പതാക പൊങ്ങിപാറി. നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയിലായിരുന്ന ഇന്ത്യ എന്ന മഹാ രാജ്യം, ലക്ഷോപലക്ഷം മനുഷ്യരുടെ പോരാട്ടത്തിന്റെയും അനേകം സമരണങ്ങളുടെയും അനവധി രക്തസാക്ഷികളുടെയും, കോടിക്കണക്കിന് ജനങ്ങളുടെ ത്യാഗത്തിന്റെയും ഫലമായി സ്വതന്ത്രമായി. 1947 ഓഗസ്റ്റ് 15, അതൊരു അർദ്ധരാത്രിയായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന് പറയും പോലെ ഒരൊറ്റ രാത്രികൊണ്ടല്ല മറിച്ച് രണ്ടു നൂറ്റാണ്ടോളം നീണ്ടു നിന്ന ബ്രിട്ടീഷ് ഭരണത്തിൽ നിന്നുമാണ് ഇന്ത്യ മുക്തമാകുന്നത്. (Independence day 2025)

ഇന്ന് ഓഗസ്റ്റ് 15, പോരാട്ടങ്ങളെയും ത്യാഗങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ട് വീണ്ടും ഒരു സ്വതന്ത്ര ദിനം കൂടി കടന്നു വന്നിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനം ഒരു ആഘോഷം മാത്രമല്ല, നമ്മൾ ഓരോ ഇന്ത്യൻ പൗരനും ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. 1857ലെ ശിപായി കലാപം മുതൽ ക്വിറ്റ് ഇന്ത്യാ സമരം വരെ, മഹാത്മാ ഗാന്ധിയുടെ അഹിംസാ സത്യാഗ്രഹവും, സുഭാഷ് ചന്ദ്ര ബോസ് നയിച്ച ഐ.എൻ.എയുടെ ആയുധസമരവും. അങ്ങനെ കോടിക്കണക്കിന് മനുഷ്യരുടെ നിസ്വാർത്ഥമായ പോരാട്ടത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും, സ്ത്രീകളും പുരുഷന്മാരും, വിദ്യാർത്ഥികളും തൊഴിലാളികളും ഒരുപോലെ ഈ മഹത്തായ പോരാട്ടത്തിൽ പങ്കാളികളായി. ഈ ദേശസ്നേഹികളെ ഓർക്കാനും അവരെ ആദരിക്കുവാനും വേണ്ടിയുള്ള ദിനം കൂടിയാണ് സ്വാതന്ത്ര്യദിനം.

ഇന്ന്, ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുമ്പോൾ, രാജ്യത്ത് 79–ാം സ്വാതന്ത്ര്യ ദിന ദിനത്തിന്റെ ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമാകും. രാജ്യമെങ്ങും ത്രിവർണ്ണ പതാകയുടെ ശോഭയിൽ മുഴുകും. വീടുകളിലും സ്കൂളുകളിലും, ഓഫിസുകളിലും തെരുവുകളിലും ദേശസ്നേഹഗാനങ്ങൾ മുഴങ്ങും. നമ്മുടെ ദേശീയപതാകയുടെ ഓരോ നിറത്തിനും ഉണ്ട് അതിന്റെതായ പ്രാധാന്യവും പ്രസക്തിയും. കുങ്കുമം, ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്; വെള്ള നിറം സത്യത്തിന്റെയും സമാധാനത്തിന്റെയും; പച്ച നിറം വളർച്ചയുടെയും സമൃദ്ധിയുടെയും പ്രതീകം. നടുവിലെ അശോകചക്രം, നീതിയുടെയും നിരന്തര പുരോഗതിയുടെയും സന്ദേശം ലോകത്തിനു നൽകുന്നു.

കടന്നു പോകുന്ന ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷങ്ങളുടെ മാത്രം ദിനമല്ല, അതൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഭാവിയിലേക്കുള്ള നമ്മൾ ഓരോ ഇന്ത്യക്കാരന്റെയും കടമകളെ ഓർമിപ്പിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട, സമത്വവും സഹോദര്യവും സമൃദ്ധിയും നിറഞ്ഞ ഒരു ഇന്ത്യയെ യാഥാർത്ഥ്യമാക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും ഉത്തരവാദിത്തവും കടമയുമാണ്. സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങൾ വരും തലമുറകളിലേക്ക് കൈമാറാൻ നമ്മൾ ഓരോരുത്തരും പ്രതിബദ്ധരാണ്.

എല്ലാ ദേശസ്നേഹികൾക്കും ഹൃദയം നിറഞ്ഞ 79-ാം സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com