
ഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്താൻ സന്ദർശിക്കുന്നു. ഒക്ടോബർ 15, 16 തീയതികളിലായി ഇസ്‌ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സന്ദർശനം. ഇന്ത്യൻ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിൻ്റെ ആദ്യ പാകിസ്താൻ സന്ദർശനമാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ ജയശങ്കർ നയിക്കും.
2015-ന് ശേഷം ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ആദ്യ പാകിസ്താൻ സന്ദർശനമാണെന്ന പ്രത്യേകതയും ഉണ്ട്. സുഷമ സ്വരാജാണ് ഏറ്റവും ഒടുവിൽ പാകിസ്താൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി. 2015 ഡിസംബറിൽ അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ അവർ ഇസ്ലാമാബാദ് സന്ദർശിച്ചിരുന്നു.