ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഇന്ത്യൻ എംബസി വീണ്ടും തുറന്നതിനെ സ്വാഗതം ചെയ്ത് താലിബാൻ. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് താലിബാൻ പ്രതിരോധമന്ത്രി മുല്ല യാക്കൂബ് അഫ്ഗാൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ പാകിസ്ഥാൻ സംഘർഷത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാൻ്റെ പ്രചാരണത്തെ യാക്കൂബ് തള്ളിക്കളഞ്ഞു. താലിബാൻ സ്ഥാപകൻ മുല്ല ഉമറിൻ്റെ മകനാണ് മുല്ല യാക്കൂബ്.(Indian embassy reopens in Kabul, Taliban welcomes it)
അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ടെക്നിക്കൽ മിഷനെയാണ് ഇന്ത്യ എംബസിയായി ഉയർത്തിയത്. താലിബാൻ ഭരണകൂടവുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ഈ നീക്കം. അടുത്തിടെ ഇന്ത്യ സന്ദർശിച്ച താലിബാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുതാഖിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ ചർച്ചയിൽ ഇക്കാര്യം തീരുമാനിച്ചിരുന്നു. താലിബാൻ മന്ത്രിക്ക് ഇന്ത്യ അന്ന് നൽകിയ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ്റെ സമഗ്ര വികസനത്തിന് ഇന്ത്യൻ എംബസി വലിയ സംഭാവന ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാൻ്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഒരു ഉന്നതതല പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നത്. ഒക്ടോബർ 9 മുതൽ 16 വരെയായിരുന്നു മുതാഖിയുടെ ഇന്ത്യാ സന്ദർശനം. ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനും അഫ്ഗാനിസ്ഥാനിലെ ഖനന പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് കൂടുതൽ അവസരം നൽകാനും ചർച്ചയിൽ ധാരണയായിരുന്നു. താലിബാൻ അധികാരത്തിൽ വന്നതോടെ ഇന്ത്യ എംബസി പൂട്ടുകയായിരുന്നു. പിന്നീട് ഒരു വർഷത്തിനുശേഷം 2022-ലാണ് ഇന്ത്യ ടെക്‌നിക്കൽ മിഷൻ സ്ഥാപിച്ചത്.