കോടികളുടെ സ്വത്തും ബിസിനസും ഉപേക്ഷിച്ച് സന്യാസിയാവാൻ 30 -കാരൻ. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ ഹർഷിത് ജെയിൻ ആണ് വീടും കാറും ബിസിനസും സ്വത്തുക്കളും എല്ലാം ഉപേക്ഷിച്ച് സന്യാസത്തിന്റെ പാത സ്വീകരിക്കുന്നത്. കൊവിഡ് -19 മഹാമാരിയുടെ കാലത്താണ് ഹർഷിത്തിന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് നീങ്ങുന്നത്. ഭയം, ഒറ്റപ്പെടൽ, മനുഷ്യബന്ധങ്ങളുടെ തകർച്ച എന്നിവയെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള കാഴ്ച്ചപ്പാടുകളെ വളരെയധികം സ്വാധീനിച്ചു. രോഗികളായ ആളുകളിൽ നിന്ന് കുടുംബാംഗങ്ങൾ തന്നെ അകലം പാലിക്കുന്നതും അന്ത്യകർമങ്ങൾ നടത്താൻ ആളുകൾ മടിക്കുന്നത് കണ്ടതും എല്ലാം ഇതിന് കാരണമായി. (Spirituality)
ജീവിതം എത്ര മാത്രം ക്ഷണികമാണ് എന്ന് ചിന്തിക്കാൻ ഈ അനുഭവങ്ങളെല്ലാം അദ്ദേഹത്തെ പ്രേരിപ്പിച്ചു. 'ഒരാൾ ഈ ലോകത്തിലേക്ക് വരുന്നതും ഒടുവിൽ ഇവിടെ നിന്നും പോകുന്നതും ഒറ്റയ്ക്കാണ് എന്ന് ഞാൻ മനസിലാക്കി' എന്ന് അദ്ദേഹം പറയുന്നു. മഹാമാരിക്ക് ശേഷം നാല് വർഷക്കാലം, ജീവിതത്തിന്റെ യഥാർത്ഥ ഉദ്ദേശ്യമെന്താണ് എന്നതിനെ കുറിച്ച് അദ്ദേഹം സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. ക്രമേണ അദ്ദേഹം ആത്മീയതയിലേക്കും ജൈന തത്ത്വചിന്തയിലേക്കും ആകർഷിക്കപ്പെട്ടു.
ജൈന സന്യാസിമാരുമായി കൂടുതൽ ഇടപഴകിയതോടെ, ഹർഷിത് ഒടുവിൽ ദീക്ഷ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ദോഘാട്ടിലെയും ബാംനൗളിയിലെയും ജൈന ക്ഷേത്രങ്ങളിൽ നടന്ന ചടങ്ങിൽ, ആയിരക്കണക്കിന് ഭക്തർ അദ്ദേഹത്തിന്റെ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. നഗരത്തിലൂടെ ഇതിന്റെ ഭാഗമായുള്ള ഘോഷയാത്രയും പിന്നീട് മറ്റ് ചടങ്ങുകളും നടന്നു. ഹർഷിത്തിന്റെ കുടുംബവും അദ്ദേഹത്തിന്റെ തീരുമാനത്തിനൊപ്പം ഉറച്ചുനിൽക്കുന്നു. ഡൽഹിയിലെ പ്രശസ്തനായ ഇലക്ട്രോണിക്സ് ബിസിനസുകാരനാണ് അദ്ദേഹത്തിന്റെ പിതാവ് സുരേഷ് ജെയിൻ. മകന്റെ തീരുമാനത്തിൽ അദ്ദേഹം അതിയായ അഭിമാനം പ്രകടിപ്പിച്ചു. 'എന്റെ മകൻ ജീവിതത്തിന്റെ സത്യം അടുത്തുനിന്നു കണ്ടു. കൊവിഡിന്റെ അനുഭവം ആത്മീയതയിലേക്കുള്ള അവന്റെ പാത രൂപപ്പെടുത്തി. അവൻ ഒരു സന്യാസിയാകുന്നത് കാണുന്നതിനേക്കാൾ വലിയ അഭിമാനമില്ല' എന്നും അദ്ദേഹം പറഞ്ഞു.