ന്യൂഡൽഹി: ദക്ഷിണ സുഡാനിലെ സമാധാന പരിപാലന രംഗത്ത് നടത്തിയ മികച്ച സേവനത്തിന് ഇന്ത്യൻ സൈന്യത്തിലെ മേജർ സ്വാതി ശാന്തകുമാറിന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പുരസ്കാരം. യുഎൻ സമാധാന ദൗത്യത്തിന്റെ ഭാഗമായി ലിംഗസമത്വം ഉറപ്പാക്കിക്കൊണ്ട് നടത്തിയ ഇടപെടലുകളാണ് സ്വാതിയെ അവാർഡിന് അർഹയാക്കിയത്.(Indian Army Officer Wins UN Award For Gender-Inclusive Peacekeeping)
സ്വാതി ശാന്തകുമാർ ആവിഷ്കരിച്ച 'തുല്യ പങ്കാളികൾ, ശാശ്വത സമാധാനം' എന്ന പദ്ധതിയെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രത്യേകം അഭിനന്ദിച്ചു. ലോകമെമ്പാടുമുള്ള യുഎൻ ഉദ്യോഗസ്ഥർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവസാന പട്ടികയിലുണ്ടായിരുന്ന നാല് പേരിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് മേജർ സ്വാതി ഈ അഭിമാന നേട്ടം കൈവരിച്ചത്.
സംഘർഷബാധിത മേഖലയിലെ അയ്യായിരത്തിലധികം സ്ത്രീകൾക്ക് സുരക്ഷയും ആത്മവിശ്വാസവും നൽകാൻ സ്വാതിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചു. ഉൾപ്രദേശങ്ങളിൽ നിരന്തരം പട്രോളിങ് നടത്തിയും ജനങ്ങളുമായി നേരിട്ട് സംവദിച്ചും യുഎൻ ദൗത്യത്തിലുള്ള വിശ്വാസം വീണ്ടെടുക്കാൻ ഇവർക്ക് കഴിഞ്ഞു.
താഴേത്തട്ടിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതിൽ ഇന്ത്യൻ സൈനിക സംഘം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.