മാലദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച ഹനീമാധൂ വിമാനത്താവളം തുറന്നു | Airport

കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
മാലദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച ഹനീമാധൂ വിമാനത്താവളം തുറന്നു | Airport
Published on

ന്യൂഡൽഹി: ഏറെക്കാലത്തെ നയതന്ത്രപരമായ അകൽച്ച നിലനിൽക്കുന്നതിനിടയിലും ഇന്ത്യയുടെ സഹായത്തോടെ നിർമിച്ച ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ് ഈ സുപ്രധാന പദ്ധതി. ഞായറാഴ്ച നടന്ന ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.(Indian-aided Airport opens in Maldives)

വിമാനത്താവള നിർമ്മാണത്തിന് പ്രധാനമായും ധനസഹായം നൽകിയത് ഇന്ത്യയാണ്. 2019-ലെ ഇന്ത്യ-മാലദ്വീപ് ഉടമ്പടി പ്രകാരം ഇന്ത്യയുടെ എക്സിം ബാങ്ക് നൽകിയ 80 കോടി ഡോളറിൻ്റെ (ഏകദേശം 7096 കോടി രൂപ) ലൈൻ ഓഫ് ക്രെഡിറ്റ് (LOC) ഉപയോഗിച്ചാണ് വിമാനത്താവളം നിർമ്മിച്ചത്.

ഇന്ത്യൻ കമ്പനിയായ ജെഎംസി പ്രൊജക്ട്‌സിനാണ് 13.66 കോടി ഡോളറിന് (ഏകദേശം 1211 കോടി രൂപ) വിമാനത്താവള വികസനത്തിനുള്ള കരാർ മാലദ്വീപ് നൽകിയിരുന്നത്. ആവശ്യക്കാർക്ക് നിശ്ചിത തുക പലിശരഹിത വായ്പയായി നൽകുന്ന രീതിയാണ് എൽഒസി. ഇത് തിരിച്ചടച്ചാൽ വീണ്ടും കടമെടുക്കാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയുമായി 60 വർഷമായി നിലനിൽക്കുന്ന നയതന്ത്രബന്ധത്തിന്റെ സ്മാരകമാണ് ഈ വിമാനത്താവളമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു അഭിപ്രായപ്പെട്ടു. മാലദ്വീപിലെ ഇന്ത്യൻ സ്ഥാനപതി "അയൽപക്കമാദ്യം, മഹാസാഗർ തുടങ്ങിയ സ്വന്തം നയങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് ഈ പദ്ധതി" എന്ന് പ്രതികരിച്ചു.

ചൈനാ അനുകൂലിയും ഇന്ത്യാവിരുദ്ധനുമെന്ന നിലയിൽ 2023 നവംബറിൽ അധികാരത്തിലെത്തിയ മുഹമ്മദ് മുയിസുവിൻ്റെ വരവോടെ ഇന്ത്യ-മാലദ്വീപ് ബന്ധം വഷളായിരുന്നു. എന്നാൽ, പിന്നീട് മുയിസു തൻ്റെ ഇന്ത്യാവിരുദ്ധ നിലപാടുകൾ മയപ്പെടുത്താൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപ് സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിനിടെ മാലദ്വീപുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കുന്നതിനുള്ള ഔപചാരിക ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com