

മുംബൈ: പരസ്യലോകത്തെ ഇന്ത്യൻ ഇതിഹാസം പീയുഷ് പാണ്ഡെ അന്തരിച്ചു. ഫെവികോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ വ്യത്യസ്തങ്ങളായ നിരവധി കമ്പനികളുടെ ലോകോത്തരമായ പരസ്യ ചിത്രങ്ങൾക്ക് ജന്മം നൽകിയത് പീയുഷ് പാണ്ഡെയാണ്. അണുബാധയെ തുടർന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു. ശനിയാഴ്ച മുംബൈയിലെ ശിവജി പാർക്കിൽ 11 മണിയോടെ സംസ്കരിക്കും.
ഇന്ത്യൻ പരസ്യലോകത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലായി സജീവമായ മുഖമായിരുന്നു പീയുഷ് പാണ്ഡെയുടേത്. പ്രശസ്ത പരസ്യകമ്പനിയായ ഒഗിൾവെയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കമ്പനിയുടെ ഇന്ത്യൻ എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. 1982ലാണ് പാണ്ഡെ ഒഗിൾവെ കമ്പനിയിൽ ചേരുന്നത്. അവിടെ വെച്ചാണ് സൺലൈറ്റ് ഡിറ്റർജന്റിനായി ആദ്യമായി അദ്ദേഹം പരസ്യം എഴുതി തയ്യാറാക്കിയത്. ആറ് വർഷങ്ങൾക്ക് ശേഷം കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാർട്ട്മെന്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അവിടെ വെച്ച് അദ്ദേഹം നിർമിച്ച പരസ്യങ്ങളെല്ലാം ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ്, ലൂണ മോപെഡ്, ഫോർട്യൂൺ ഓയിൽ തുടങ്ങിയവ അതിലുൾപെടും.
2013ൽ ജോൺ എബ്രഹാം നായകനായ മദ്രാസ് കഫെ എന്ന സിനിമയിലൂടെ അഭിനയരംഗത്തും അരങ്ങേറ്റം കുറിച്ചു. ഭോപാൽ എക്സ്പ്രസ് എന്ന സിനിമയുടെ സഹ തിരക്കഥാകൃത്താണ്. 2016 ൽ പത്മശ്രീ അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു . ഏറെ പ്രശസ്തമായ ദേശീയോദ്ഗ്രഥന പ്രചാരണ ഗാനമായ "മിലേ സുർ മേരാ തുംഹാര " എന്ന ഇന്ത്യൻ ദേശഭക്തി ആൽബം സൃഷ്ടിച്ചത് അദ്ദേഹമാണ്.
ഭോപ്പാൽ എക്സ്പ്രസിന്റെ തിരക്കഥ രചിച്ച അദ്ദേഹം പാണ്ഡെമോണിയം (2015) ഓപ്പൺ ഹൗസ് - പീയൂഷ് പാണ്ഡെയോടൊപ്പം (2022) എന്ന രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. തുടർച്ചയായി എട്ട് വർഷം ഇന്ത്യൻ പരസ്യരംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ദി ഇക്കണോമിക് ടൈംസ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. എൽഐഎ ലെജൻഡ് അവാർഡ് നേടി .
2000-ൽ, മുംബൈയിലെ ആഡ് ക്ലബ് ഫെവിക്വിക്കിനുള്ള അദ്ദേഹത്തിന്റെ പരസ്യത്തെ നൂറ്റാണ്ടിന്റെ പരസ്യമായും കാഡ്ബറിക്കിനായുള്ള അദ്ദേഹത്തിന്റെ വർക്കുകൾ നൂറ്റാണ്ടിന്റെ മികച്ച പരസ്യ ചിത്രങ്ങളായും തിരഞ്ഞെടുത്തു . 2002-ലെ മീഡിയ ഏഷ്യ അവാർഡുകളിൽ പാണ്ഡെയെ ഏഷ്യയുടെ ക്രിയേറ്റീവ് പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. കാൻസിൽ ഇരട്ട സ്വർണ്ണവും (കാൻസർ പേഷ്യന്റ്സ് അസോസിയേഷന്റെ പുകവലി വിരുദ്ധ പ്രചാരണത്തിന്) ലണ്ടൻ ഇന്റർനാഷണൽ അവാർഡുകളിൽ ട്രിപ്പിൾ ഗ്രാൻഡ് പ്രൈസും നേടിയ ഏക ഇന്ത്യക്കാരനാണ് പീയുഷ് പാണ്ഡെ.
പാണ്ഡെയുടെ വിയോഗമറിഞ്ഞ് വ്യവസായം, പരസ്യം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ നിരവധിയാളുകളാണ് അനുശോചനമറിയിച്ചത്.