

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്ന ഇന്ത്യ ഇതോടെ പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്.
ഭീമമായ സ്കോറിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ഓപ്പണർമാരായ ചമരി അട്ടപ്പട്ടുവും (52) ഹസിനി പെരേരയും (33) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒരു ഘട്ടത്തിൽ പത്തോവറിൽ 95 റൺസെന്ന നിലയിൽ ലങ്ക ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ ചമരിയെ പുറത്താക്കി വൈഷ്ണവി ശർമ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ ലങ്കയുടെ റൺറേറ്റ് പിടിച്ചുനിർത്തുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം അതിഗംഭീരമായിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ദാനയും (80) ഷെഫാലി വർമയും (79) ചേർന്ന് ലങ്കൻ ബൗളർമാരെ സ്റ്റേഡിയത്തിന്റെ എല്ലാ മൂലയിലേക്കും പറത്തി. 162 റൺസാണ് ഇരുവരും ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
48 പന്തിൽ 80 റൺസ്. ഈ ഇന്നിങ്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമായി സ്മൃതി മാറി. 46 പന്തിൽ 79 റൺസ്. 30 പന്തിൽ നിന്നായിരുന്നു ഷെഫാലിയുടെ അർധസെഞ്ചുറി.