

ഹരാരെ: അണ്ടർ-19 ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ കരുത്തുകാട്ടി ഇന്ത്യ. അമേരിക്കയെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ ടൂർണമെന്റിൽ ശുഭാരംഭം കുറിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെനിൽ പട്ടേലിന്റെ ബൗളിങ് മികവും അഭിഗ്യാൻ കുൺഡുവിന്റെ ബാറ്റിങ്ങുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അമേരിക്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. ഏഴ് ഓവറിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത ഹെനിൽ പട്ടേലാണ് യുഎസ് നിരയുടെ നട്ടെല്ലൊടിച്ചത്. യുഎസ് ടോപ് സ്കോററായ നിതീഷ് സുദിനി (36) ഒഴികെ മറ്റാർക്കും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 35.2 ഓവറിൽ 107 റൺസിന് അമേരിക്കൻ ഇന്നിങ്സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്തു നിൽക്കെ മഴയും വെളിച്ചക്കുറവും കാരണം കളി തടസ്സപ്പെട്ടു. തുടർന്ന് ലക്ഷ്യം 37 ഓവറിൽ 96 റൺസായി പുനഃക്രമീകരിച്ചു. മത്സരം പുനരാരംഭിച്ചപ്പോൾ ഇന്ത്യൻ സ്കോർ 25-ൽ എത്തുമ്പോഴേക്കും മൂന്ന് വിക്കറ്റുകൾ നഷ്ടമായത് ചെറിയ ആശങ്കയുണ്ടാക്കി. വൈഭവ് സൂര്യവംശി (2), വേദാന്ത് ത്രിവേദി (2), ആയുഷ് മാത്രെ (19) എന്നിവരാണ് പുറത്തായത്.
നാലാം വിക്കറ്റിൽ വിഹാൻ മൽഹോത്രയും (18) അഭിഗ്യാൻ കുൺഡുവും ചേർന്ന് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. വിഹാൻ പുറത്തായെങ്കിലും കനിഷ്‌ക് ചൗഹാനെ കൂട്ടുപിടിച്ച് അഭിഗ്യാൻ 17.2 ഓവറിൽ ലക്ഷ്യത്തിലെത്തിച്ചു. 42 റൺസുമായി അഭിഗ്യാൻ പുറത്താവാതെ നിന്നു.