രാജ്‌കോട്ട്: ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നു. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്നത്തെ കളി വിജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.(India vs New Zealand 2nd ODI today in Rajkot)
വഡോദരയിൽ നടന്ന ആദ്യ മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 301 റൺസ് എന്ന വെല്ലുവിളി നിറഞ്ഞ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 2ന് 234 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ പെട്ടെന്ന് 5ന് 242 എന്ന നിലയിലേക്ക് തകർന്നത് ആരാധകരെ ആശങ്കയിലാഴ്ത്തി. എങ്കിലും കെ.എൽ. രാഹുലിന്റെ പക്വതയാർന്ന ബാറ്റിങ്ങും ഹർഷിത റാണയുടെ വെടിക്കെട്ട് ഇന്നിങ്‌സും ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു.
വഡോദരയിൽ 93 റൺസ് നേടി മാൻ ഓഫ് ദി മാച്ച് ആയ വിരാട് കോലിയുടെ ഫോമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. അവസാന അഞ്ച് മത്സരങ്ങളിലും 50-ന് മുകളിൽ സ്കോർ ചെയ്ത കോലി മിന്നും ഫോമിലാണ്. രാജ്‌കോട്ട് സ്റ്റേഡിയത്തിൽ കോലിക്ക് മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്. ഇവിടെ നടന്ന നാല് മത്സരങ്ങളിൽ മൂന്നിലും അദ്ദേഹം അർധസെഞ്ചുറി നേടിയിട്ടുണ്ട്. ഈ ഗ്രൗണ്ടിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കോലിയാണ്.