ഷെയ്ഖ് ഹസീനയെ കൈമാറാനാകില്ല എന്ന് ഇന്ത്യ നയതന്ത്ര ചാനൽ വഴി ബംഗ്ലാദേശിനെ അറിയിക്കും : പരസ്യ പ്രതികരണം ഒഴിവാക്കി കരുതലോടെയുള്ള നീക്കം | Sheikh Hasina

ബംഗ്ലാദേശിൽ ഇതൊരു വൈകാരിക വിഷയമാണ്
India to inform Bangladesh through diplomatic channels that Sheikh Hasina cannot be extradited
Published on

ന്യൂഡൽഹി: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കി ഇന്ത്യ. ബംഗ്ലാദേശിൽ ഇതൊരു വൈകാരിക വിഷയമാണ് എന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അതീവ ജാഗ്രത പുലർത്തുന്നത്. ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.(India to inform Bangladesh through diplomatic channels that Sheikh Hasina cannot be extradited)

ഹസീനയെ കൈമാറാനാവില്ലെന്ന് നയതന്ത്ര ചാനൽ വഴി ഇന്ത്യ ഉടൻ തന്നെ ബംഗ്ലാദേശിനെ അറിയിക്കും. ഹസീനയെ കൈമാറണമെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലുള്ള കത്ത് ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല. അപേക്ഷ ലഭിച്ചാലും ഇന്ത്യ ഇത് തള്ളും. ഹസീനയ്ക്ക് വധശിക്ഷ നൽകിയ കോടതി വിധി 'തട്ടിപ്പാണ്' എന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ബംഗ്ലാദേശ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിലവിൽ ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

ബംഗ്ലാദേശിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ കക്ഷികളും ചേർന്നുള്ള തിരഞ്ഞെടുപ്പാണ് ആവശ്യം എന്നതാണ് ഇന്ത്യയുടെ നിലപാട്. മുഹമ്മദ് യൂനൂസ് ഉറപ്പുനൽകിയ തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഇന്ത്യ നിരീക്ഷിക്കും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ ഇന്ത്യ അംഗീകരിക്കൂ എന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്.

ഹസീനയുടെ അവാമി ലീഗിനും ബീഗം ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടിക്കും (BNP) ഇടയിൽ സമവായ ചർച്ചകൾ നടക്കാനുള്ള സാധ്യത ഉന്നത വൃത്തങ്ങൾ തള്ളുന്നില്ല. നിഷ്പക്ഷ തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയാൽ മടങ്ങാൻ തയ്യാറാണെന്ന സന്ദേശം ഹസീന ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്.

കലാപം നടത്തിയ വിദ്യാർത്ഥി നേതാക്കളുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. അവാമി ലീഗിന് കൂടി പങ്കാളിത്തമുള്ള ഒരു സംവിധാനത്തിലൂടെ മാത്രമേ ബംഗ്ലാദേശിൽ സ്ഥിരതയും സമാധാനവും ഉണ്ടാകൂ എന്നതാണ് ഇന്ത്യയുടെ നയം.

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നൽകിയ ശേഷമുള്ള ബംഗ്ലാദേശിലെ രാഷ്ട്രീയ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിക്കുകയാണ്. ഹസീനയുടെ അനുയായികൾ പലയിടങ്ങളിലും പ്രതിഷേധിക്കുന്നതിനാൽ ഇത് വീണ്ടും വലിയ സംഘർഷങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യത നിലനിൽക്കുന്നു.

ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനൂസ് നേരത്തെ ഫെബ്രുവരിയോടെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൂചന നൽകിയിരുന്നു. അതുവരെ ഹസീനയെ കൈമാറാനുള്ള ഏത് അപേക്ഷയും ഇന്ത്യ തള്ളിക്കളയും എന്നുറപ്പാണ്.

Related Stories

No stories found.
Times Kerala
timeskerala.com