ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി ഇറാനിൽ നിന്ന് കൂടുതൽ എൽപിജി എത്തിക്കാൻ ഇന്ത്യ നീക്കം തുടങ്ങുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ബദൽ മാർഗങ്ങൾ ഇന്ത്യ തേടുന്നത്.(India to import more LPG from Iran, Huge increase in oil imports from Russia)
നിലവിൽ ഇറാനിൽ നിന്ന് ഒരു എൽപിജി ടാങ്കർ മാത്രമാണ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ എൽപിജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇറാനുമായുള്ള ഊർജ്ജ വ്യാപാരം ശക്തിപ്പെടുത്തുന്നത് ആഭ്യന്തര വില നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പശ്ചിമേഷ്യയിലെ അസ്ഥിരത കാരണം ഇന്ത്യയുടെ മൊത്തത്തിലുള്ള ഇന്ധന ഇറക്കുമതിയിൽ 15 ശതമാനം കുറവുണ്ടായെങ്കിലും റഷ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ വൻ വർധനവാണുള്ളത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ നിലവിൽ 90 ശതമാനത്തിന്റെ വർധനവുണ്ടായി. കുറഞ്ഞ നിരക്കിൽ റഷ്യ എണ്ണ ലഭ്യമാക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമായി മാറുകയാണ്.

