

ന്യൂഡൽഹി: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭവും യുദ്ധഭീതിയും ശക്തമാകുന്ന സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ആദ്യ ഘട്ടം നാളെ (വെള്ളിയാഴ്ച) നടക്കും. യു.എസ് ആക്രമണഭീഷണിയെത്തുടർന്ന് താൽക്കാലികമായി അടച്ചിരുന്ന വ്യോമാതിർത്തി ഇറാൻ വീണ്ടും തുറന്നതോടെയാണ് ഒഴിപ്പിക്കൽ വിമാനം അയക്കാൻ വഴിയൊരുങ്ങിയത്.
ടെഹ്‌റാനിൽ നിന്ന് ഡൽഹിയിലേക്കാണ് ആദ്യ വിമാനം പുറപ്പെടുക. ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളോട് നാളെ രാവിലെ 8 മണിയോടെ രേഖകൾ സഹിതം തയ്യാറായിരിക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെ പാസ്‌പോർട്ടും മറ്റ് വ്യക്തിഗത വിവരങ്ങളും എംബസി ശേഖരിച്ചതായി ജമ്മു കശ്മീർ സ്റ്റുഡന്റ് അസോസിയേഷൻ അറിയിച്ചു.
വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യൻ പൗരന്മാരാണ് നിലവിൽ ഇറാനിലുള്ളത്. ഇറാനിയൻ റിയാലിന്റെ മൂല്യം ഇടിഞ്ഞതിനെത്തുടർന്ന് ആരംഭിച്ച പ്രതിഷേധം 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു. ഇതിനോടകം 3,428 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.
ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അവിടെയുള്ളവർ എത്രയും വേഗം മടങ്ങണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച നിർദ്ദേശം നൽകിയിരുന്നു. നാളെ മുതൽ തുടർച്ചയായ വിമാന സർവീസുകളിലൂടെ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ പൗരന്മാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.