ഡല്‍ഹി : എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ശക്തി ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് ബോധ്യമായിരുന്നു. പാകിസ്താന്‍ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ശക്തമായ വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400 കഴിഞ്ഞത്. ഇന്ത്യ ഇതിനെ സുദര്‍ശന്‍ ചക്ര എന്നാണ് പേരിട്ടിരിക്കുന്നത്. 35,000 കോടി രൂപയ്ക്കാണ് 2018ൽ മൂന്ന് എസ്–400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്.കരാര്‍ പ്രകാരം ഇനി രണ്ട് എസ്-400 യൂണിറ്റുകള്‍ കൂടി റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് എത്താനുണ്ട്. ഇതിന് പിന്നലെ എസ്-500 സംവിധാനം വാങ്ങാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്.
എസ്-400 എന്നത് റഷ്യൻ നിർമ്മിത ദീർഘദൂര ഉപരിതലത്തിൽ നിന്ന് ആകാശത്തേക്കുള്ള മിസൈൽ പ്രതിരോധ സംവിധാനമാണ്. ഇത് S-300 ൻ്റെ പരിഷ്കരിച്ച രൂപമാണ്, ലോകത്തിലെ ഏറ്റവും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഏകദേശം 600 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളെ തകർക്കാനും എസ്-400 ട്രയംഫ് സംവിധാനത്തിന് കഴിയും. ഓപ്പറേഷന്‍ സിന്ദൂറിൽ 314 കിലോമീറ്റര്‍ ദൂരത്തുവെച്ചാണ് പാകിസ്താന്റെ അവാക്‌സ് വിമാനത്തിനെ എസ്-400 തകര്‍ത്തത്.
എസ്-400 സംവിധാനത്തിന്റെ മികവ് ബോധ്യമായതോടെ ഇതിന്റെ ആധുനിക സംവിധാനമായ എസ്-500 ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബഹിരാകാശത്തോട് ചേര്‍ന്നുള്ള ഉയരത്തില്‍ വരെ പോയി ബി2, എഫ് 22, എഫ് 35 തുടങ്ങിയ പോര്‍വിമാനങ്ങളും ബാലിസ്റ്റിക്, ക്രൂയിസ് ഹൈപ്പര്‍സോണിക് മിസൈലുകളും പോര്‍വിമാനങ്ങളും അടക്കമുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുണ്ട് എസ് 500ന്. ഏതാണ്ട് 600 കിലോമീറ്റര്‍ അകലെ നിന്നു വരെ ലക്ഷ്യത്തെ തകര്‍ക്കാന്‍ എസ് 500ന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഉടനെങ്ങും ഇത് മറ്റ് രാജ്യങ്ങള്‍ക്ക് റഷ്യ കൊടുക്കാനിടയില്ല. ആഭ്യന്ത ആവശ്യങ്ങള്‍ നിറവേറ്റിയശേഷം മാത്രമേ ഇവ കയറ്റുമതി ചെയ്യുന്നതിനേപ്പറ്റി ആലോചിക്കൂ എന്നാണ് റഷ്യ പറഞ്ഞിരിക്കുന്നത്.എസ്-500 ന്റെ ഒരു യൂണിറ്റിന് കുറഞ്ഞത് 250 കോടി ഡോളര്‍ ആകുമെന്നാണ് വിലയിരുത്തല്‍.അതിനിടയിൽ ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് മോഡലില്‍ ആകും എസ്-500 ഇന്ത്യയില്‍ ഉത്പാദിപ്പിക്കുക എന്നുള്ളതാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.