
ഡൽഹി : ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ ആക്കാനുള്ള പ്രതിജ്ഞാബദ്ധത അറിയിച്ചു.
ഇന്ത്യാ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റിനെ പ്രധാനമന്ത്രി ക്ഷണിച്ചു. യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങൾ ഉൾപ്പെടെ സുപ്രധാനമായ നിരവധി വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തിയതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
“എൻ്റെ സുഹൃത്ത് പ്രസിഡൻ്റ് പുടിനുമായി വളരെ നല്ലതും വിശദവുമായ സംഭാഷണം നടത്തി. യുക്രെയ്നിലെ സാഹചര്യങ്ങൾ സംസാരിച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വർഷാവസാനം പ്രസിഡൻ്റ് പുടിന് ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മോദിയുടെ കുറിപ്പ്.
അതേ സമയം, ഇന്ത്യയുടെ മേൽ 25 ശതമാനം തീരുവയായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്ന് 25 ശതമാനം തീരുവകൂടി അധികമായി ചുമത്തി. ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി.