

മുംബൈ: ന്യൂസിലൻഡിനെതിരെയുള്ള മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. യുവതാരം ശുഭ്മൻ ഗിൽ ടീമിനെ നയിക്കും. രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിൽ തിരിച്ചെത്തിയതാണ് പ്രധാന ആകർഷണം. പരിക്കിന്റെ പിടിയിലാണെങ്കിലും ശ്രേയസ് അയ്യരെ ഉപനായകനായി നിശ്ചയിച്ചാണ് 15 അംഗ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ചുറിയടക്കം മികച്ച പ്രകടനം പുറത്തെടുത്തിട്ടും മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കെ.എൽ രാഹുലാണ് ഒന്നാം വിക്കറ്റ് കീപ്പർ. ഋഷഭ് പന്ത് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലിടം നേടി.
പരിക്കിൽ നിന്ന് മുക്തനായ മുഹമ്മദ് സിറാജ് ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള മുഹമ്മദ് ഷമിയെ ഇത്തവണയും ഉൾപ്പെടുത്തിയിട്ടില്ല. കുൽദീപ് യാദവാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ. വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജദേജ എന്നിവരാണ് ഓൾറൗണ്ടർമാരായി ടീമിലുള്ളത്. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ ശ്രേയസ് അയ്യർ ഫിറ്റ്‌നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ കളിക്കാനിറങ്ങൂ.
ഇന്ത്യൻ ഏകദിന സംഘം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജദേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, യശസ്വി ജയ്സ്വാൾ.
മത്സരക്രമം:
ഒന്നാം ഏകദിനം: ജനുവരി 11 - വഡോദര
രണ്ടാം ഏകദിനം: ജനുവരി 14 - രാജ്കോട്ട്
മൂന്നാം ഏകദിനം: ജനുവരി 18 - ഇന്ദോർ