ന്യൂഡൽഹി: അമേരിക്കൻ ഉപരോധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യൻ കമ്പനികൾ ഗണ്യമായ കുറവ് വരുത്തിയതായി റിപ്പോർട്ട്. അതേസമയം, എണ്ണ വാങ്ങുന്നത് പൂർണ്ണമായി നിർത്തലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല.(India significantly reduces Russian oil imports, says Report)
റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ റഷ്യൻ കമ്പനികളിൽ നിന്നായിരുന്നു ഇന്ത്യ പ്രധാനമായും എണ്ണ വാങ്ങിയിരുന്നത്. എന്നാൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഈ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിയിൽ കുറവുണ്ടായി.
രണ്ടാഴ്ച മുമ്പത്തെ കണക്കനുസരിച്ച് പ്രതിദിനം 1.95 മില്യൺ ബാരൽസ് കണക്കിലായിരുന്നു ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. ഇത് കഴിഞ്ഞ ആഴ്ച 1.19 മില്യൺ ബാരൽസിലേക്ക് ഇടിയുകയായിരുന്നു.
അമേരിക്കയുടെ ഉപരോധം ഇന്ത്യ നിലവിൽ വരുത്തുന്നതിന് മുന്നോടിയായി ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കുകയാണെന്നാണ് സൂചന. റഷ്യൻ എണ്ണയുടെ ഇറക്കുമതി കുറച്ചതോടെ വില കൂടിയ അമേരിക്കൻ ക്രൂഡ് ഓയിൽ ഇന്ത്യ കൂടുതലായി ഇറക്കുമതി ചെയ്തുതുടങ്ങിയിട്ടുണ്ട്.
സെപ്റ്റംബറിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 4.5% മാത്രമായിരുന്നു യു.എസ്. ക്രൂഡ് ഓയിൽ. ഒക്ടോബറിൽ അമേരിക്കൻ എണ്ണയുടെ വിഹിതം 10.7% ആയി ഉയർന്നു. അതായത്, ഒരു മാസം കൊണ്ട് ഇരട്ടിയിലേറെ വർധനവാണ് യു.എസ്. ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഉണ്ടായത്.