ന്യൂഡൽഹി: ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ആവശ്യപ്പെട്ടെന്നും വിതരണത്തിൽ വലിയ കാലതാമസം ഉണ്ടായെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. ഇന്ത്യ ആകെ ഓർഡർ ചെയ്തത് 28 ഹെലികോപ്റ്ററുകൾ മാത്രമാണെന്നും അവയെല്ലാം 2025 ഡിസംബറോടെ ലഭിച്ചെന്നും മന്ത്രാലയം അറിയിച്ചു.(India requested 28 AH-64 Apache helicopters, delivery completed in two phases, Union Defense Ministry rejects Trump's claim)
2015-ൽ 22 എണ്ണവും 2020-ൽ 6 എണ്ണവും ഉൾപ്പെടെ ആകെ 28 അപ്പാച്ചെ ഹെലികോപ്റ്ററുകൾ മാത്രമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇവയെല്ലാം രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 2025-ഓടെ ഇന്ത്യയ്ക്ക് കൈമാറിക്കഴിഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയുണ്ടെങ്കിലും ഉയർന്ന വിലയാണ് അപ്പാച്ചെ കൂടുതൽ വാങ്ങുന്നതിൽ നിന്ന് ഇന്ത്യയെ പിന്നോട്ടടിച്ചത്. ഒരു അപ്പാച്ചെയ്ക്ക് ഏകദേശം 1,350 കോടി രൂപയാണ് വില. അതേസമയം, ഇന്ത്യയുടെ തദ്ദേശീയ ഹെലികോപ്റ്ററായ 'പ്രചണ്ഡിന്' ഏകദേശം 400 കോടി രൂപ മാത്രമേ ചിലവുള്ളൂ.
ഇന്ത്യ 68 എണ്ണം ആവശ്യപ്പെട്ടെന്നും ഓർഡർ ലഭിച്ചിട്ട് 5 വർഷമായെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാൽ ഇത് വസ്തുതാപരമായി തെറ്റാണെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. യുഎസ് നിർമ്മിത AH-64E അപ്പാച്ചെ ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ ഹെലികോപ്റ്ററുകളിൽ ഒന്നാണ്. 10 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുള്ള ഹെൽഫയർ മിസൈലുകൾ, ഹൈഡ്ര റോക്കറ്റുകൾ, 30 എംഎം പീരങ്കികൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏത് കാലാവസ്ഥയിലും ഇവയ്ക്ക് യുദ്ധം ചെയ്യാൻ കഴിയും.