ന്യൂഡൽഹി : ഇസ്‌ലാമാബാദിലെ കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളി. ആരോപണം അടിസ്ഥാനരഹിതമാണെന്നും, സ്വന്തം പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പാകിസ്ഥാന്റെ പതിവ് തന്ത്രമാണിതെന്നും ഇന്ത്യ വ്യക്തമാക്കി.(India rejects Pakistan's allegations on Islamabad blast)
പാകിസ്ഥാനിൽ അടുത്തിടെ നടന്ന ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ആരോപണം. ഇസ്‌ലാമാബാദ് കോടതിക്ക് സമീപം 12 പേർ കൊല്ലപ്പെട്ട ചാവേറാക്രമണത്തിനും, അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കേഡറ്റ് കോളേജിൽ നടന്ന ആക്രമണത്തിനും പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്.
ഈ ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം, ഷഹബാസ് ഷരീഫ് നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചു. "സ്വന്തം പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനും അന്താരാഷ്ട്ര ശ്രദ്ധ തിരിക്കാനുമുള്ള പാകിസ്ഥാന്റെ പതിവ് തന്ത്രമാണിത്. യാഥാർത്ഥ്യം അന്താരാഷ്ട്ര സമൂഹത്തിന് അറിയാം, ശ്രദ്ധ മാറ്റാനുള്ള ഇത്തരം തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ല," വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇസ്‌ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്തുണ്ടായ കാർ ബോംബ് സ്ഫോടനം അതീവ ഗൗരവതരമായ സംഭവമായിരുന്നു. ഈ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയ സാധാരണക്കാരാണ്.
കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ സ്ഫോടനത്തിൽ തകർന്നു. പ്രദേശത്ത് സുരക്ഷാ പരിശോധനകളും അന്വേഷണങ്ങളും തുടരുന്നതിനിടയിലാണ് പാക് പ്രധാനമന്ത്രി ഇന്ത്യക്കെതിരെ തിരിഞ്ഞത്.