ഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മിൽ കഴിഞ്ഞ ദിവസം സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺദീപ് ജയ്സ്വാൾ പറഞ്ഞു.
ട്രംപും മോദിയുമായി ഇത്തരത്തിൽ എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള സംഭാഷണവും നടന്നിട്ടില്ല. ടെലിഫോൺ വഴിയോ അല്ലാതെയോ അത്തരത്തിൽ ഒരു സംഭാഷണം ഉണ്ടായതായി തനിക്കറിയില്ലെന്നും രൺദീപ് ജയ്സ്വാൾ കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി അറിയിച്ചതായി ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഒരു സുഹൃത്താണ്. ഞങ്ങൾക്ക് ഒരു മികച്ച ബന്ധമുണ്ട്. ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനല്ല. റഷ്യയിൽ നിന്ന് അവർ എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നൽകിയെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.