

ടെഹ്‌റാൻ/ന്യൂഡൽഹി: ഇറാന്റെ ആഭ്യന്തര സാഹചര്യം സങ്കീർണ്ണമാകുന്ന പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യക്കാരെ അടിയന്തരമായി തിരികെയെത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം പൂർത്തിയാക്കി. വിദ്യാർത്ഥികളടക്കമുള്ളവരെ നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ (IAF) സഹായം തേടുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. നിലവിൽ 9000 ഇന്ത്യക്കാരാണ് ഇറാനിലുള്ളതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഇറാനിലെ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുന്നതിനാൽ പ്രത്യേക വിമാനങ്ങൾ അയച്ച് ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് നീക്കം. ടെഹ്‌റാൻ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തയ്യാറായിരിക്കാൻ എംബസി നിർദ്ദേശം നൽകി. ഇറാനിൽ പലയിടത്തും ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ എല്ലാ ഇന്ത്യക്കാരെയും ബന്ധപ്പെടുന്നതിൽ എംബസി വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാക്ചിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ ആക്രമണം പെട്ടെന്ന് ഉണ്ടായേക്കില്ലെന്ന സൂചനകളുണ്ടെങ്കിലും ഇറാനിലെ ആഭ്യന്തര സ്ഥിതി ഒട്ടും സുരക്ഷിതമല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
അടിയന്തര സാഹചര്യം നേരിടാൻ ഇന്ത്യ പൂർണ്ണ സജ്ജമാണെന്നും ഇറാൻ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണെന്നും എസ്. ജയശങ്കർ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് പുറമെ പ്രൊഫഷണലുകളും വ്യാപാരികളും ഇറാനിലുണ്ട്. ഇവരെ ഘട്ടംഘട്ടമായി ഒഴിപ്പിക്കാനാണ് പദ്ധതിയെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.