ന്യൂഡൽഹി: ഒമാൻ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും പങ്കെടുത്ത ചടങ്ങിൽ വെച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഒപ്പുവെച്ചു. അൽ ബർഖാ കൊട്ടാരത്തിൽ വെച്ചായിരുന്നു ചടങ്ങ്.(India-Oman sign CEPA Agreement, New boost in trade sector)
ഇന്ത്യയും ഒമാനും തമ്മിലുള്ള ചരക്ക്-സേവന കൈമാറ്റം കൂടുതൽ ലളിതമാക്കുകയും വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുക. ഊർജ്ജം, സാങ്കേതികവിദ്യ, നിർമ്മാണ മേഖലകളിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ കരാർ സഹായിക്കും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിലൂടെ ഇരുരാജ്യങ്ങളിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഊർജ്ജ സുരക്ഷ, നൂതന സാങ്കേതികവിദ്യ, വ്യവസായ ഉൽപ്പാദനം എന്നീ മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് കരാർ വഴിതുറക്കും. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളികളിലൊന്നായ ഒമാനുമായുള്ള ഈ കരാർ ഇന്ത്യൻ പ്രവാസികൾക്കും ബിസിനസ് സമൂഹത്തിനും വലിയ ഗുണകരമാകും.
ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഇന്ത്യയുടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. അറബ് രാജ്യങ്ങളുമായി ഇന്ത്യ നടത്തുന്ന സാമ്പത്തിക നയതന്ത്രത്തിന്റെ വലിയൊരു വിജയമായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. യു.എ.ഇയ്ക്ക് ശേഷം ഈ കരാറിൽ ഒപ്പുവെക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണ് ഒമാൻ.